നാല് വമ്പൻ ടീമുകളുടെ അവസാന ഫ്രീ കിക്ക് ഗോൾ നേടിയ താരം, ഒരേയൊരു ലയണൽ മെസി | Messi

അമേരിക്കൻ ലീഗിൽ വലിയ തരംഗം സൃഷ്‌ടിച്ചാണ് ലയണൽ മെസി തന്റെ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ദിവസം ക്രൂസ് അസൂലിനെതിരെ നടന്ന മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ താരം മികച്ച പ്രകടനമാണ് ടീമിന് വേണ്ടി നടത്തിയത്. അതിനു പുറമെ സമനിലയിൽ അവസാനിക്കാൻ പോവുകയായിരുന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ മനോഹരമായ ഫ്രീ കിക്ക് ഗോളിലൂടെ ഇന്റർ മിയാമിക്കു വിജയം നേടിക്കൊടുക്കാനും താരത്തിനു കഴിഞ്ഞു.

മത്സരത്തിന്റെ അൻപത്തിനാലാം മിനുട്ടിൽ മെസി ഇറങ്ങിയതിനു ശേഷമാണ് ക്രൂസ് അസൂൽ സമനില ഗോൾ നേടുന്നത്. അതിനു ശേഷം ആഞ്ഞടിച്ച അവർക്ക് വിജയം നേടാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും മുതലാക്കാൻ കഴിഞ്ഞില്ല. അപ്പുറത്ത് ലയണൽ മെസിയുടെ നേതൃത്വത്തിൽ മികച്ച നീക്കങ്ങൾ ഇന്റർ മിയാമിയും നടത്തി. ഇതിനിടയിലാണ് ആഗ്രഹിച്ചതു പോലെയൊരു ഫ്രീകിക്ക് ബോക്‌സിനു പുറത്തു നിന്ന് ലഭിക്കുന്നതും മെസിയത് മനോഹരമായ ഗോളാക്കി മാറ്റുന്നതും.

ഇന്റർ മിയാമിക്ക് വേണ്ടി ഫ്രീ കിക്ക് ഗോൾ നേടിയതോടെ അപൂർവങ്ങളിൽ അപൂർവമായൊരു നേട്ടം ലയണൽ മെസിയെ തേടിയെത്തിയിട്ടുണ്ട്. നിലവിൽ നാല് ടീമുകൾക്ക് വേണ്ടി അവസാനമായി ഫ്രീ കിക്ക് ഗോൾ നേടിയ താരമാണ് ലയണൽ മെസി. ഇന്റർ മിയാമി, അർജന്റീന, പിഎസ്‌ജി, ബാഴ്‌സലോണ എന്നിവയാണ് ഈ ടീമുകൾ. മെസി ബാഴ്‌സലോണ വിട്ട് രണ്ടു വർഷമായിട്ടും അവർ ഒരു ഫ്രീ കിക്ക് പോലും ഗോളാക്കി മാറ്റിയില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഫ്രീകിക്കിൽ നിന്നും ഗോളുകൾ നേടാൻ മെസിക്ക് ഒരു പ്രത്യേക വൈദഗ്ധ്യമുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഒരിക്കൽക്കൂടി താരം അത് പ്രദർശിപ്പിച്ചതിനൊപ്പം ടീമിന് വിജയം നേടിക്കൊടുക്കാനും കഴിഞ്ഞു. ഇന്റർ മിയാമിയിൽ ആദ്യത്തെ മത്സരത്തിൽ തന്നെ ഗോൾ നേടി വിജയം സ്വന്തമാക്കാൻ കഴിഞ്ഞത് മെസിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന കാര്യമാണ്. താരത്തിന്റെ മികച്ച പ്രകടനങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളൂ.

Messi Scored Last Freekick Goal Of Four Different Teams