മെസിക്ക് പിന്തുണ നൽകാതെ ഇവാനാശാൻ, മെസിക്കു കട്ട സപ്പോർട്ടുമായി ലൂണ; ബാലൺ ഡി ഓറിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ അഭിപ്രായമിങ്ങിനെ | Kerala Blasters
ലോകഫുട്ബോളിലെ ഏറ്റവും മികച്ച വ്യക്തിഗത പുരസ്കാരമായ ബാലൺ ഡി ഓർ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഫ്രാൻസ് ഫുട്ബോൾ നൽകുന്ന ബാലൺ ഡി ഓർ പുരസ്കാരം പ്രതീക്ഷിച്ചതു പോലെ തന്നെ ലയണൽ മെസി സ്വന്തമാക്കി. ഹാലാൻഡിന്റെ വെല്ലുവിളി പ്രതീക്ഷിച്ചെങ്കിലും കഴിഞ്ഞ വർഷം അർജന്റീനക്കൊപ്പം ലോകകപ്പ് ഉയർത്തിയത് ലയണൽ മെസിയെ പുരസ്കാരം സ്വന്തമാക്കാൻ സഹായിച്ചു. എട്ടാമത്തെ തവണയാണ് ലയണൽ മെസി ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കുന്നത്.
മലയാളക്കരയുടെ പ്രിയപ്പെട്ട ക്ലബായ കേരള ബ്ലാസ്റ്റേഴ്സിലും ബാലൺ ഡി ഓർ പുരസ്കാരത്തിന്റെ ആരവം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക അക്കൗണ്ടിൽ പുറത്തുവിട്ട വീഡിയോയിൽ ഓരോ താരങ്ങളോടും പരിശീലകരോടുമെല്ലാം ആരു ബാലൺ ഡി ഓർ നേടുമെന്നാണ് കരുതുന്നതെന്നു ചോദിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ചും ടീമിന്റെ നായകനായ അഡ്രിയാൻ ലൂണയുമെല്ലാം ഇതിനു മറുപടി നൽകുന്നുണ്ട്.
ഇവാൻ വുകോമനോവിച്ച് ഹാലൻഡിനെ ബാലൺ ഡി ഓർ പുരസ്കാരം നേടാൻ വേണ്ടി പിന്തുണച്ചപ്പോൾ ലൂണക്ക് മെസി തന്നെ നേടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലായിരുന്നു. ഹോർമിപാം, ഐമൻ, സച്ചിൻ സുരേഷ്, ദിമിത്രിയോസ് തുടങ്ങി ഭൂരിഭാഗം താരങ്ങളും മെസിയെ പിന്തുണച്ചപ്പോൾ നവോച്ചയുടെ പ്രതികരണമായിരുന്നു രസകരം. റൊണാൾഡോ ബാലൺ ഡി ഓർ വിജയിക്കണമെന്നാണ് താരം പറഞ്ഞത്. ബ്ലാസ്റ്റേഴ്സ് സഹപരിശീലകനായ ഫ്രാങ്ക് ദോവനും ലയണൽ മെസിക്ക് തന്നെയാണ് പിന്തുണ നൽകിയത്.
📲 Adrian Luna on IG 🤣 #KBFC pic.twitter.com/JAKynIePjm
— KBFC XTRA (@kbfcxtra) October 31, 2023
ബ്ലാസ്റ്റേഴ്സിന്റെ കോച്ചിങ് സ്റ്റാഫിലൊരാൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായ മാർക്കസ് റാഷ്ഫോഡിന് പിന്തുണ നൽകിയതും കൗതുകമായി. അതേസമയം മറ്റൊരു കോച്ചിങ് സ്റ്റാഫായ വെർണർ മെർട്ടൻസ് നൽകിയതാണ് ക്ലാസ്സ് മറുപടി. അഡ്രിയാൻ ലൂണ ബാലൺ ഡി ഓർ വിജയിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രകടനം വെച്ചു നോക്കുമ്പോൾ ഹാലാൻഡാണ് പുരസ്കാരം നേടേണ്ടതെന്നു പറഞ്ഞ ഇഷാൻ പണ്ഡിറ്റ മെസിക്കാണു കൂടുതൽ സാധ്യതയെന്നു പറഞ്ഞു. പ്രബീർ ദാസ്, പ്രീതം കൊട്ടാൽ എന്നിവർ എംബാപ്പെക്കും പിന്തുണ നൽകി.
പെപ്ര മെസിയോ റൊണാൾഡോയോ നേടുമെന്ന് പറഞ്ഞപ്പോൾ ഡൈസുകെയുടെ കണ്ണിൽ ഹാലാൻഡാണ് വിജയം നേടാൻ സാധ്യതയുണ്ടായിരുന്ന താരം. കട്ട റൊണാൾഡോ ഫാനായ ഡാനിഷ് ഫാറൂഖിന്റെ മറുപടിയും മികച്ചതായിരുന്നു. വ്യക്തിപരമായി എംബാപ്പെ വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ ഡാനിഷ് ഫാറൂഖ് മെസിയാണ് അത് അർഹിക്കുന്നതെന്നു പറഞ്ഞു. ലോകകപ്പ് വിജയം നേടിയത് കൊണ്ടാണ് മെസിക്ക് ഡാനിഷ് പിന്തുണ നൽകിയത്.
Kerala Blasters Players Reveals Ballon Dor Favorites