രണ്ടു വർഷം മുൻപ് ചെയ്ത പിഴവ് വീണ്ടുമാവർത്തിക്കാൻ കഴിയില്ല, നീക്കങ്ങൾ ശക്തമാക്കി ബ്ലാസ്റ്റേഴ്സ് | Kerala Blasters
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ച് വളരെയധികം സന്തോഷം നൽകിയ സീസണായിരുന്നു ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസൺ. ഐഎസ്എൽ കിരീടം നേടാൻ ടീമിനായില്ലെങ്കിലും ഫൈനൽ വരെയെത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ആ സീസണിൽ ടീമിന്റെ കുന്തമുനകളായിരുന്നു ജോർജ് പെരേര ഡയസ്, അഡ്രിയാൻ ലൂണ, അൽവാരോ വാസ്ക്വസ് എന്നിവർ.
ഈ താരങ്ങളെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നെങ്കിൽ അതിനടുത്ത സീസണുകളിൽ ഉറപ്പായും ടീമിന് കിരീടം സ്വന്തമാക്കാൻ കഴിഞ്ഞേനെ. എന്നാൽ അഡ്രിയാൻ ലൂണയെ മാത്രം ബ്ലാസ്റ്റേഴ്സ് നിലനിർത്തിയപ്പോൾ ജോർജ് പെരേര ഡയസ്, അൽവാരോ വാസ്ക്വസ് എന്നിവർ മറ്റു ക്ലബുകളിലേക്ക് ചേക്കേറി. ഡയസ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ വിമർശനവും നടത്തിയിരുന്നു.
Dimitrios Diamantakos future will be decided within few days he has offer from other clubs is no Secret still #KBFC is hopeful to make him stay let see how it goes…
— Silambarasan (@IamAtman11) March 26, 2024
രണ്ടു വർഷങ്ങൾക്കിപ്പുറം അതേ പിഴവ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആവർത്തിക്കുമോയെന്നാണ് ആരാധകർ ആശങ്കപ്പെടുന്നത്. ഈ സീസണോടെ കരാർ അവസാനിക്കുന്ന ദിമിത്രിയോസ് ഡയമെന്റാക്കോസിന്റെ കാര്യത്തിലാണ് ആരാധകർക്ക് ആശങ്ക. ഫ്രീ ഏജന്റാകുന്ന താരത്തിന് വേണ്ടി ഐഎസ്എല്ലിലെ നിരവധി ക്ലബുകൾ രംഗത്തുണ്ടെങ്കിലും ഈസ്റ്റ് ബംഗാളിന്റെ ഓഫർ ദിമി സ്വീകരിച്ചുവെന്നു റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ രണ്ടു സീസണുകളായി ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരിൽ ഒരാളാണ് ദിമിത്രിയോസ് ഡയമെന്റക്കൊസ്. ഈ സീസണിൽ ഐഎസ്എല്ലിലെ ടോപ് സ്കോറർമാരിൽ ഒരാളുമായ ഗ്രീക്ക് സ്ട്രൈക്കർ ഇന്ത്യയിലെ രീതികളുമായി വളരെയധികം ഒത്തിണങ്ങുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ താരത്തെ വിട്ടുകൊടുത്താൽ അത് ബ്ലാസ്റ്റേഴ്സിന് വലിയ ക്ഷീണമാകും.
ദിമിത്രിയോസിന്റെ ഭാവിയുടെ കാര്യത്തിൽ ഉടനെ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം താരത്തെ നിലനിർത്താനുള്ള സജീവമായ ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. താരത്തെ എന്തു വില കൊടുത്തും നിലനിർത്തിയില്ലെങ്കിൽ രണ്ടു വർഷങ്ങൾക്ക് മുൻപ് ചെയ്ത അതെ പിഴവിന്റെ ആവർത്തനമാകും അതെന്ന കാര്യത്തിൽ സംശയമില്ല.
Kerala Blasters Try To Extend With Dimitrios