ജാപ്പനീസ് സമുറായിയുടെ ആദ്യഗോൾ, വീണ്ടും ഹീറോയായി സച്ചിൻ സുരേഷ്; ബംഗാൾ കടുവകളെ മടയിൽ പോയി വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെതിരെ നടന്ന മത്സരത്തിൽ വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്. ജാപ്പനീസ് താരം ഡൈസുകെ ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യത്തെ ഗോൾ നേടിയപ്പോൾ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസാണ് രണ്ടാമത്തെ ഗോൾ നേടിയത്. താൻ വരുത്തിയ പിഴവിന് പെനാൽറ്റി സേവിലൂടെ പരിഹാരം കണ്ടെത്തിയ സച്ചിനും ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിൽ നിർണായകമായി.
ആദ്യത്തെ അര മണിക്കൂർ മത്സരം വിരസമായാണ് മുന്നോട്ടു പോയത്. രണ്ടു ടീമുകളും അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ഈസ്റ്റ് ബംഗാൾ മുന്നേറ്റങ്ങൾ സംഘടിപ്പിക്കുന്ന കാര്യത്തിൽ മേധാവിത്വം പുലർത്തിയിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ മറികടക്കാൻ അവർക്ക് കഴിഞ്ഞില്ല. ഏതാനും മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തു നിന്നും ഉണ്ടായെങ്കിലും അതിനും ഈസ്റ്റ് ബംഗാൾ ഗോൾകീപ്പറെ പരീക്ഷിക്കാൻ കഴിഞ്ഞില്ല.
Keeping that lead intact 💪#EBFCKBFC #KBFC #KeralaBlasters pic.twitter.com/mom6BMs3py
— Kerala Blasters FC (@KeralaBlasters) November 4, 2023
മുപ്പത്തിരണ്ടാം മിനുട്ടിൽ ലഭിച്ച ആദ്യത്തെ മികച്ച അവസരം തന്നെ ബ്ലാസ്റ്റേഴ്സ് മുതലെടുത്തു. അഡ്രിയാൻ ലൂണ നൽകിയ ഒരു മികച്ച ത്രൂ പാസ് പിടിച്ചെടുത്ത ജാപ്പനീസ് താരം ഡൈസുകെ യാതൊരു പിഴവും കൂടാതെ അത് വലയിലേക്ക് എത്തിക്കുകയായിരുന്നു. ജാപ്പനീസ് താരം ബ്ലാസ്റ്റേഴ്സിനായി നേടുന്ന ആദ്യത്തെ ഗോളായിരുന്നു അത്. അതിനു പിന്നാലെ ലൂണയുടെ അസിസ്റ്റിൽ പെപ്ര ഒരു ഗോൾ നേടിയെങ്കിലും ദിമിത്രിയോസ് ഓഫ്സൈഡ് പൊസിഷനിൽ ആയിരുന്നതിനാൽ അത് നിഷേധിക്കപ്പെട്ടു.
ബ്ലാസ്റ്റേഴ്സ് ഗോൾ നേടിയതിനു ശേഷം ഒന്നു പതറിയ ഈസ്റ്റ് ബംഗാൾ രണ്ടാം പകുതിയിലാണ് ആക്രമണം ശക്തമാക്കിയത്. നിരവധി മുന്നേറ്റങ്ങൾ അവരുടെ ഭാഗത്തു നിന്നും ഉണ്ടായെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധവും ഗോൾകീപ്പർ സച്ചിൻ സുരേഷും പതറാതെ നിന്നു. മറുവശത്ത് കേരള ബ്ലാസ്റ്റേഴ്സിനും അവസരങ്ങൾ ഉണ്ടായിരുന്നു. സന്ദീപ് സിംഗിന്റെ ഒരു തകർപ്പൻ ഷോട്ട് ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ ബുദ്ധിമുട്ടിയാണ് രക്ഷപ്പെടുത്തിയത്.
Sachin Suresh u beauty 😍🙌 @KeralaBlasters pic.twitter.com/hSKOU1gsdS
— Shaun Mohan (@shaunmohan04) November 4, 2023
മത്സരത്തിന്റെ എൺപത്തിമൂന്നാം മിനുട്ടിലാണ് നിർണായക നിമിഷങ്ങൾ ഉണ്ടായത്. ബോക്സിനുള്ളിൽ ഈസ്റ്റ് ബംഗാൾ താരത്തെ സച്ചിൻ സുരേഷ് വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. ക്ളീറ്റൻ സിൽവ എടുത്ത കിക്ക് സച്ചിൻ രക്ഷപ്പെടുത്തിയെങ്കിലും ഗോൾകീപ്പർ അഡ്വാൻസ് ചെയ്തു വന്നതിനാൽ റഫറി വീണ്ടും പെനാൽറ്റി നൽകി. എന്നാൽ ആ കിക്കും തടഞ്ഞിട്ട് സച്ചിൻ സുരേഷ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹീറോയായി. റീബൗണ്ടിൽ നിന്നും വല കുലുക്കാൻ സിൽവക്ക് അവസരം ഉണ്ടായിരുന്നെങ്കിലും അത് താരം പുറത്തേക്കടിച്ചു കളഞ്ഞു.
അതിനു പിന്നാലെ തന്നെ ബ്ലാസ്റ്റേഴ്സ് മത്സരം സ്വന്തമാക്കി രണ്ടാമത്തെ ഗോൾ സ്വന്തമാക്കി. കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു ക്രോസ് ക്ലിയർ ചെയ്യാൻ ഈസ്റ്റ് ബംഗാൾ പ്രതിരോധത്തിന് പിഴച്ചപ്പോൾ പന്ത് ലഭിച്ച ദിമിത്രിയോസ് അത് വലയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ ആ ഗോളാഘോഷത്തിനു വേണ്ടി ജേഴ്സി ഊരിയത്തിനു ദിമിത്രിയോസിനു റഫറി രണ്ടാം മഞ്ഞക്കാർഡും ചുവപ്പുകാർഡും നൽകിയത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശയായി. ഇതോടെ വരുന്ന മത്സരം താരത്തിന് നഷ്ടമാകും.
മത്സരത്തിന്റെ അവസാന മിനുട്ടിലാണ് ഈസ്റ്റ് ബംഗാളിന്റെ ആശ്വാസഗോൾ വരുന്നത്. ബോക്സിനുള്ളിൽ വെച്ച് പ്രീതം കൊട്ടാലിന്റെ കയ്യിൽ പന്ത് കൊണ്ടതിനെ തുടർന്ന് റഫറി വീണ്ടും പെനാൽറ്റി നൽകുകയായിരുന്നു. ഇത്തവണ കിക്കെടുത്ത ക്ളീറ്റൻ സിൽവക്ക് ലക്ഷ്യം പിഴച്ചില്ല. സച്ചിനെ കീഴടക്കി പന്ത് വലയിലേക്ക്. അതിനു പിന്നാലെ റഫറി വിസിൽ മുഴക്കിയതോടെ വിജയം ബ്ലാസ്റ്റേഴ്സിന് സ്വന്തമായി.
Kerala Blasters Won Against East Bengal In ISL