ഇത്തവണ ലോകകപ്പ് ബ്രസീൽ പിടിക്കുമെന്ന് മന്ത്രി ശിവൻകുട്ടി, തിരിച്ചുള്ള ഫ്ലൈറ്റ് പിടിക്കാതിരിക്കട്ടേന്ന് എം.എം.മണി
ഖത്തറിൽ വെച്ച് നടക്കാനിരിക്കുന്ന 2022 ലോകകപ്പിന് ഒരു മാസം ബാക്കി നിൽക്കെ ഇതു സംബന്ധിച്ച് കേരള രാഷ്ട്രീയത്തിലും ചൂടു പിടിച്ച വാഗ്വാദങ്ങളുയരുന്നു. മന്ത്രിമാരും എംഎൽഎമാരും ബ്രസീൽ, അർജന്റീന എന്നീ ടീമുകളുടെ പക്ഷം ചേർന്ന് കിരീടസാധ്യതയെ ചൊല്ലി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും എതിരാളികളെ കളിയാക്കുകയും ചെയ്യുന്നത് ഫുട്ബോൾ ആരാധകരായ ജനങ്ങൾക്കും ആവേശം നൽകി. പൊതുവിദ്യാഭ്യാസ, ദേവസ്വം വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് കേരളരാഷ്ട്രീയത്തിലെ പ്രമുഖർ ലോകകപ്പിനെ ചൊല്ലി വാഗ്വാദം നടത്തുന്നത്.
ഖത്തർ ലോകകപ്പിന് മുപ്പതു ദിവസം മാത്രമേ ഇനി ബാക്കിയുള്ളൂ എന്നു കാണിച്ച് വി.ശിവൻകുട്ടിയുടെ പോസ്റ്റിൽ ഇത്തവണ ബ്രസീൽ ലോകകപ്പ് പിടിക്കുമെന്നും ചേർത്തിട്ടുണ്ട്. അതിനു കീഴിൽ ഉരുളക്കുപ്പേരി പോലെയാണ് മുൻ വൈദ്യുത മന്ത്രിയും നിലവിൽ ഉടുമ്പുചോല എംഎൽഎയുമായ എം.എം.മണി മറുപടി നൽകിയിരിക്കുന്നത്. ബ്രസീൽ നേരത്തെ തന്നെ തിരിച്ചുള്ള ഫ്ലൈറ്റ് പിടിക്കാതിരിക്കട്ടെയെന്നും സെമി ഫൈനൽ വരെയെങ്കിലും എത്തട്ടേയെന്നുമാണ് കടുത്ത അർജന്റീന ആരാധകനായ എം.എം.മണിയുടെ കമന്റ്.
എം.എം.മണിക്കു പുറമെ നിരവധി എംഎൽഎമാർ ശിവൻകുട്ടിയുടെ പോസ്റ്റിനു കമന്റുമായി വന്നിട്ടുണ്ട്. മുൻ മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ ഇ.പി.ജയരാജൻ കോപ്പ അമേരിക്കയും ഫൈനലൈസിമയും നേടിയ അർജന്റീന തന്നെ കിരീടത്തിൽ മുത്തമിടുമെന്നു കമന്റ് ചെയ്തപ്പോൾ അഴിക്കോട് മണ്ഡലത്തിലെ എംഎൽഎയായ കെ.വി.സുമേഷും അതിനെ അനുകൂലിക്കുന്നു. വട്ടിയൂർക്കാവ് എംഎൽഎയായ വികെ പ്രശാന്തും അർജന്റീനക്കാണ് തന്റെ പിന്തുണ അറിയിക്കുന്നത്.
അതേസമയം ബാലുശ്ശേരി എംഎൽഎയായ കെഎം സച്ചിൻ ദേവ് വി.ശിവൻകുട്ടിയെ അനുകൂലിച്ച് ബ്രസീലിനാണ് തന്റെ പിന്തുണ നൽകിയിരിക്കുന്നത്. അതേസമയം ഈ രണ്ടു ടീമിനുമല്ലാതെ ഇംഗ്ലണ്ട് കിരീടം നേടുമെന്ന് കുന്നത്തുനാട് എംഎൽഎ പിവി.ശ്രീനിജൻ മന്ത്രിയുടെ പോസ്റ്റിൽ കമന്റ് ചെയ്തിരിക്കുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ഫുട്ബോൾ ആവേശം നിറയുന്ന സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിൽ ഖത്തർ ലോകകപ്പിന്റെ ആവേശം എത്തിയെന്നാണ് മന്ത്രിയുടെ പോസ്റ്റും മറ്റുള്ളവരുടെ കമന്റുകളും വ്യക്തമാക്കുന്നത്.