അർജന്റീന ലോകകപ്പ് നേടിയാൽ എല്ലാവർക്കും ബിരിയാണി, വമ്പൻ ഓഫറുമായി മലയാളി ആരാധകൻ

ഖത്തർ ലോകകപ്പിൽ അർജന്റീന വിജയം നേടിയാൽ വരുന്നവർക്കെല്ലാം സൗജന്യമായി ബിരിയാണി ഓഫറുമായി കോഴിക്കോട് സ്വദേശിയായ അർജന്റീന ആരാധകൻ രംഗത്ത്. കോഴിക്കോട് ജില്ലയിൽ പാവങ്ങാട്-എരഞ്ഞിക്കൽ റോഡിൽ ഹോട്ടലും കാറ്ററിങ് ബിസിനസും നടത്തുന്ന സിപി.സഹദാണ് അർജന്റീന ലോകകപ്പ് വിജയം നേടിയാൽ കടയിൽ വരുന്ന എല്ലാ ആളുകൾക്കും ബിരിയാണി നൽകുമെന്ന വാഗ്‌ദാനം നൽകിയിട്ടുണ്ട്.

സഹദ് വെള്ളയിൽ എന്നറിയപ്പടുന്ന ഇദ്ദേഹത്തിന്റെ ഹോട്ടൽ വെള്ളയിൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ലോകകപ്പിൽ അർജന്റീന വിജയം നേടിയാൽ കടയിലേക്ക് ആരു വന്നാലും സൗജന്യമായി ബിരിയാണി നൽകുമെന്നാണ് ഇദ്ദേഹത്തിന്റെ വാഗ്‌ദാനം. നിലവിലെ ഭൂരിഭാഗം അർജന്റീന ആരാധകരെയും പോലെ ലയണൽ മെസി മാത്രമല്ല സഹദിന്റെ ഇഷ്‌ടത്തിന്റെ പ്രധാന കാരണം. അതിനും മുൻപ് തന്നെ ഇദ്ദേഹം അർജന്റീന ആരാധകനാണ്.

1986 മുതൽ അർജന്റീനയെ ലോകകപ്പിലും മറ്റു ടൂർണമെന്റുകളിലും പിന്തുണക്കുന്നയാളാണ് സഹദ്. ഏതു താരമായാലും അർജന്റീനയെ മാത്രമാണ് താൻ പിന്തുണക്കുകയെന്നാണ് സഹദ് പറയുന്നത്. അർജന്റീനയോടുള്ള ആരാധന കൊണ്ട് തന്റെ സ്‌കൂട്ടർ അർജന്റീന പതാകയുടെ നിറത്തിൽ പെയിന്റ് ചെയ്‌തിട്ടുമുണ്ട്‌ ഇദ്ദേഹം.