കിരീടം മോഹിച്ചാരും ഖത്തറിലേക്ക് വരണ്ട, ഈ ലോകകപ്പ് ബ്രസീലിനുള്ളതെന്ന് പ്രവചനം

ഖത്തറിൽ വെച്ചു നടക്കുന്ന ലോകകപ്പിൽ ബ്രസീൽ കിരീടം നേടുമെന്ന് പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ പ്രവചനം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 135 പേരാണ് സർവേയിൽ പങ്കെടുത്തത്. പോളിൽ പങ്കെടുത്ത 46 ശതമാനം ആളുകൾ ബ്രസീൽ ലോകകപ്പ് നേടുമെന്ന് പറഞ്ഞപ്പോൾ അർജന്റീനക്ക് പതിനഞ്ചു ശതമാനത്തിന്റെയും ഫ്രാൻസിന് പതിനാലു ശതമാനത്തിന്റെയും പിന്തുണ ലഭിച്ചു.

ബ്രസീൽ താരങ്ങൾ യൂറോപ്പിൽ മികച്ച ഫോമിലാണെന്നതാണ് അവർക്ക് ലോകകപ്പ് നേടാൻ സാധ്യത വർധിപ്പിക്കുന്നത്. നെയ്‌മർ, വിനീഷ്യസ്, റോഡ്രിഗോ തുടങ്ങിയ മികച്ച താരങ്ങൾ ബ്രസീൽ ടീമിലുണ്ട്. ഗോൾവല കാക്കാൻ എഡേഴ്‌സൺ, അലിസണും പ്രതിരോധത്തിൽ മിലിറ്റാവോ, സിൽവ, മാർക്വിന്യോസ് തുടങ്ങിയവരും മധ്യനിരയിൽ കാസമേറോയുമുള്ള ടീം സന്തുലിതമാണ്.

എന്നാൽ റോയിട്ടേഴ്‌സിന്റെ സർവേ അത്രയധികം ആധികാരികമായ ഒന്നല്ല. 2010 ലോകകപ്പ് ജേതാക്കളെ മാത്രമാണ് അവർ കൃത്യമായി പ്രവചിച്ചിരിക്കുന്നത്. 2006, 2014, 2018 വർഷങ്ങളിലെല്ലാം അവരുടെ പ്രവചനം തെറ്റിയിരുന്നു. എന്നാൽ മികച്ച സ്ക്വാഡുള്ളത് ബ്രസീലിനു പ്രതീക്ഷ നൽകുന്നു. ബ്രസീലിനു വെല്ലുവിളി ഉയർത്താൻ അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, ഹോളണ്ട്, സ്പെയിൻ തുടങ്ങിയ ടീമുകളുമുണ്ട്.

fpm_start( "true" ); /* ]]> */