ഞെട്ടിക്കുന്ന തുക നൽകി മുകേഷ് അംബാനി ലിവർപൂളിനെ സ്വന്തമാക്കാൻ ഒരുങ്ങുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിനെ സ്വന്തമാക്കാൻ ലോകത്തിലെ ഏറ്റവും വലിയ പണക്കാരിൽ ഒരാളായ ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇപ്പോഴത്തെ ലിവർപൂളിന്റെ ഉടമകളായ ഫെൻവെ സ്പോർട്ട്സ് ഗ്രൂപ്പ് ക്ലബിന് പുതിയ ഉടമകളെ തേടുന്ന സാഹചര്യത്തിലാണ് മുകേഷ് അംബാനി രംഗത്തു വന്നിരിക്കുന്നത്. നേരത്തെയും ലിവർപൂളിനെ സ്വന്തമാക്കാൻ അദ്ദേഹം ശ്രമം നടത്തിയിരുന്നു.

2010ൽ വാങ്ങുമ്പോൾ മൂന്നൂറു മില്യൺ പൗണ്ടാണ് ഫെൻവെ ഗ്രൂപ്പ് മുടക്കിയതെങ്കിലും ഇപ്പോൾ അതിന്റെ എത്രയോ ഇരട്ടി തുകയാണ് ലിവർപൂളിന്റെ മൂല്യം. ദി മിററിന്റെ റിപ്പോർട്ടുകൾ പ്രകാരം നാലു ബില്യൺ പൗണ്ടോളം ലിവർപൂളിനെ വാങ്ങാൻ അംബാനി മുടക്കേണ്ടി വരും. ഇന്ത്യൻ രൂപ കണക്കാക്കുമ്പോൾ നാൽപതിനായിരം കോടി രൂപയോളം വരുമിത്.

90 ബില്യൺ പൗണ്ടിലധികം ആസ്‌തിയുള്ള മുകേഷ് അംബാനിയെ സംബന്ധിച്ച് ലിവർപൂളിനെ സ്വന്തമാക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല. സ്പോർട്ട്സിൽ താൽപര്യമുള്ള അദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ മുംബൈ ഇന്ത്യൻസിന്റെ ഉടമയാണ്. അതിനു പുറമെ ഇന്ത്യൻ സൂപ്പർ ലീഗ് നടത്തുന്നതിനും അദ്ദേഹം സഹായങ്ങൾ നൽകുന്നു.