ലോകകപ്പ് സ്‌ക്വാഡിലുള്ള മറ്റൊരു അർജന്റീന താരം കൂടി പരിക്കിന്റെ ഭീഷണിയിൽ

ഖത്തർ ലോകകപ്പിനുള്ള അർജന്റീന സ്‌ക്വാഡിൽ ഇടം നേടിയ മറ്റൊരു അർജന്റീന താരം കൂടി പരിക്കിന്റെ പിടിയിൽ. സെവിയ്യയുടെ അർജന്റീന താരമായ മാർക്കോസ് അക്യൂനക്ക് ഗ്രോയിൻ ഏരിയയിൽ കുഴപ്പമുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ മധ്യനിര താരം ജിയോവാനി ലൊ സെൽസോയെ നഷ്‌ടമായതിനു പിന്നാലെയാണ് അക്യൂന പരിക്കിന്റെ പിടിയിലാണെന്ന റിപ്പോർട്ടുകൾ വരുന്നത്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ പരിക്ക് ഗുരുതരമായതല്ല. താരം ലോകകപ്പിൽ പങ്കെടുക്കുകയും ചെയ്യും. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭിക്കുന്നതു വരെ അർജന്റീന ആരാധകർക്ക് ആശങ്കയാണ്. ലോകകപ്പിന്റെ ഭാഗമായി സെവിയ്യയുടെ അടുത്ത മത്സരത്തിൽ നിന്നും സാംപോളി അക്യൂന അടക്കമുള്ള അർജന്റീന താരങ്ങളെ ഒഴിവാക്കിയിരുന്നു.

ലയണൽ സ്‌കലോണിയുടെ ടീമിൽ സ്ഥിരസാന്നിധ്യമെന്ന് പറയാൻ കഴിയില്ലെങ്കിലും ശൈലി മാറുന്നതനുസരിച്ച് കളിപ്പിക്കാറുള്ള താരമാണ് അക്യൂന. അതുകൊണ്ടു തന്നെ താരത്തിന് പരിക്കിന്റെ ഭീഷണിയുള്ളത് അർജന്റീനക്ക് തിരിച്ചടിയാണ്. ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള റിസേർവ് താരങ്ങളിൽ ഫാക്കുണ്ടോ മെദീന മാത്രമാണ് പ്രതിരോധതാരമായിട്ടുള്ളത്.