എൻറിക്വയെ കബളിപ്പിച്ചു, സ്പെയിൻ ടീമിൽ നിന്നും റാമോസ് പുറത്തായതിന്റെ കാരണമിതാണ്

പരിശീലകനായ ലൂയിസ് എൻറിക്വയെ കബളിപ്പിച്ചതു കൊണ്ടു കൂടിയാണ് ലോകകപ്പിനുള്ള സ്പെയിൻ ടീമിൽ നിന്നും സെർജിയോ റാമോസ് പുറത്തായതെന്ന് റിപ്പോർട്ടുകൾ. റാമോസിനെ ലോകകപ്പ് ടീമിൽ നിന്നും തഴഞ്ഞത് പലർക്കും അംഗീകരിക്കാൻ കഴിയാത്ത കാര്യമായിരുന്നു. അവസാനത്തെ ലോകകപ്പ് കളിക്കാൻ താരത്തിന് അവസരം നൽകാതിരുന്നതിന്റെ പേരിൽ സ്പെയിൻ പരിശീലകനെതിരെ പലരും വിമർശനവും നടത്തുന്നുണ്ട്.

2021ൽ കൊസോവക്കെതിരെ നടന്ന മത്സരത്തിൽ കളിക്കുന്നതിനായി താൻ പൂർണമായും ഫിറ്റാണെന്ന് റാമോസ് എൻറിക്വയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് സ്പോർട്ട് വെളിപ്പെടുത്തുന്നത്. താരം മത്സരം കളിക്കുകയും ചെയ്‌തു. എന്നാൽ അതിനു ശേഷം റയൽ മാഡ്രിഡ്‌ ക്യാമ്പിലേക്ക് റാമോസെത്തിയത് പരിക്കേറ്റായിരുന്നു. തുടർന്ന് മാസങ്ങളോളം താരം കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരികയും ചെയ്‌തു. അതിനു ശേഷം റാമോസ് സ്പെയിൻ ടീമിലേക്കു തിരിച്ചു വന്നിട്ടില്ല.

മാഞ്ചസ്റ്റർ സിറ്റി താരമായ അയ്മെറിക് ലപോർട്ടെ പരിക്ക് മാറി തിരിച്ചു വന്നതും സ്പെയിൻ ടീമിലേക്കുള്ള റാമോസിന്റെ വഴി മുടങ്ങാൻ കാരണമായി. മാഞ്ചസ്റ്റർ സിറ്റിക്കായി എട്ടു മത്സരം കളിച്ച താരം അതിൽ അഞ്ചെണ്ണവും പൂർത്തിയാക്കി ഫിറ്റ്നസ് തെളിയിച്ചിട്ടുണ്ട്. അതിനു പുറമെ ഈ സീസണിൽ വലൻസിയ താരം ഹ്യൂഗോ ഗുയല്ലമോൺ ഗംഭീര ഫോമിൽ കളിക്കുന്നതിനാൽ താരത്തെയും മുൻ ബാഴ്‌സലോണ പരിശീലകൻ കൂടിയായ എൻറിക്വക്ക് പരിഗണിക്കേണ്ടി വന്നു. അതും റാമോസിന് തിരിച്ചടിയായി.