ആദ്യ മത്സരത്തിൽ പിഴവു സംഭവിച്ചു, എടികെ മോഹൻ ബഗാനെതിരെ തിരുത്തുമെന്ന് ബ്ലാസ്റ്റേഴ്സ് താരം ഖബ്റ
ഐഎസ്എല്ലിൽ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ മികച്ച പ്രകടനം നടത്തിയ താരമാണ് റൈറ്റ്ബാക്കായ ഹർമൻജോത് ഖബ്റ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് വിജയം നേടിയ മത്സരത്തിൽ അഡ്രിയാൻ ലൂണ നേടിയ ആദ്യത്തെ ഗോളിന് അതിമനോഹരമായ അസിസ്റ്റ് നൽകാൻ താരത്തിന് കഴിഞ്ഞിരുന്നു. മത്സരത്തിൽ മികച്ച വിജയം നേടിയെങ്കിലും മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു ഗോൾ വഴങ്ങേണ്ടി വന്നതിൽ തനിക്കു വളരെയധികം നിരാശയുണ്ടെന്നാണ് ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ സംസാരിച്ച ഖബ്റയുടെ വാക്കുകൾ വ്യക്തമാക്കുന്നു.
മത്സരത്തിന്റെ എഴുപത്തിരണ്ടാം മിനുട്ടിൽ ലൂണയും എൺപത്തിരണ്ടാം മിനുട്ടിൽ കലിയുഷ്നിയും നേടിയ ഗോളുകളിൽ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയതിനു ശേഷം എൺപത്തിയെട്ടാം മിനുട്ടിലാണ് ഒരു കോർണർ കിക്കിനു ശേഷം ലഭിച്ച പന്ത് മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന അലക്സ് ഗോളിലേക്കെത്തിച്ച് ഈസ്റ്റ് ബംഗാളിന്റെ ഗോൾ നേടുന്നത്. ഇതോടെ അവർക്ക് സമനില നേടാനുള്ള സാധ്യതകൾ ഉണ്ടായിരുന്നെങ്കിലും കലിയുഷ്നിയുടെ രണ്ടാമത്തെ ഇടിമിന്നൽ ഗോൾ അതെല്ലാം ഇല്ലാതാക്കി ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചു.
“ഞങ്ങൾക്ക് അവസാന നിമിഷങ്ങളിൽ ശ്രദ്ധ നഷ്ടമായിരുന്നു. ഒരു പ്രതിരോധതാരം എന്ന നിലയിൽ ടീമിന്റെ ക്ലീൻ ഷീറ്റ് നഷ്ടമായാൽ എവിടെയോ ശ്രദ്ധ മാറിപ്പോയി എന്നു തന്നെയാണ് അർത്ഥമാക്കുന്നത്.” ഖബ്റ ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. മൂന്ന് ഐഎസ്എൽ കിരീടം നേടിയിട്ടുള്ള മികച്ച ടീമായ മോഹൻ ബഗാനെതിരെ പ്രതിരോധനിര വളരെയധികം കരുത്തു കാണിക്കേണ്ടതിന്റെ പ്രാധാന്യം പരിശീലകനായ വുകോമനോവിച്ചും മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ചൂണ്ടിക്കാട്ടി.
'We lost focus at the last minute (against EB),' says @harman_khabra, urging his side to not lose concentration on Sunday night #KBFCATKMB #indiansuperleaguehttps://t.co/HxaVK4NaTb
— Onmanorama (@Onmanorama) October 15, 2022
ആദ്യമത്സരത്തിൽ എടികെ മോഹൻ ബഗാൻ ചെന്നൈയിൻ എഫ്സിയോട് തോൽവി വഴങ്ങിയെങ്കിലും എടികെ മോഹൻ ബഗാനെ കുറച്ചു കാണരുതെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. വമ്പൻ ടീമുകൾക്ക് മുറിവേറ്റാൽ അവർ കൂടുതൽ അപകടകാരികളായി മാറുമെന്നാണ് വുകോമനോവിച്ച് പറയുന്നത്. പ്രതിരോധത്തിൽ കൂടുതൽ ജോലിയുണ്ടാകുമെന്നും ഏതു നിമിഷത്തിൽ വേണമെങ്കിലും പ്രതിരോധിക്കാൻ ടീം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ആയുഷ് അധികാരിക്ക് നേരിയ പരിക്ക് മൂലം മത്സരം നഷ്ടമാകും എന്നതൊഴിച്ചാൽ ബ്ലാസ്റ്റേഴ്സിലെ മറ്റു താരങ്ങളെല്ലാം പൂർണമായും ഫിറ്റ്നസുള്ളവരാണ്. അതേസമയം ആദ്യ ഇലവനിൽ കലിയുഷ്നി ഇറങ്ങുമോയെന്ന കാര്യത്തിലാണ് സംശയങ്ങൾ ബാക്കി നിൽക്കുന്നത്. താരത്തെ ഇറക്കിയാൽ മുന്നേറ്റനിരയിലെ വിദേശതാരങ്ങളിൽ ഒരാളെയും വുകോമനോവിച്ചിന് പിൻവലിക്കേണ്ടി വരും.