മലയാളികൾക്ക് നാണക്കേടുണ്ടാക്കി ബ്ലാസ്റ്റേഴ്‌സ് ആരാധകർ, എടികെയുടെ ഗോൾ നേടിയ ലെന്നി റോഡ്രിഗസിനെതിരെ അസഭ്യവർഷവും അധിക്ഷേപവും

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും തമ്മിൽ നടന്ന മത്സരത്തിൽ പകരക്കാരനായിറങ്ങി എടികെയുടെ നാലാമത്തെ ഗോൾ നേടിയ ലെന്നി റോഡ്രിഗസിനെതിരെ അധിക്ഷേപവുമായി ആരാധകർ. ഗോളടിച്ച ഗോവ സ്വദേശിയായ താരം അത് ആഘോഷിച്ച രീതിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ചൊടിപ്പിച്ചതെന്നു വ്യക്തമാണ്. മത്സരത്തിനു ശേഷം താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ, പ്രധാനമായും ഇൻസ്റ്റഗ്രാമിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ അധിക്ഷേപം നടത്തുന്നത്.

മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് എടികെ മോഹൻ ബഗാൻ മുന്നിൽ നിൽക്കുമ്പോഴാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചു വരാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കി എൺപത്തിയെട്ടാം മിനുട്ടിൽ ലെന്നി റോഡ്രിഗസിന്റെ ഗോൾ പിറന്നത്. ഹാട്രിക്ക് നേടിയ പെട്രാറ്റോസ് നേടിയ പാസിൽ വല കുലുക്കിയ താരം അതിനു ശേഷം ജേഴ്‌സിയൂരിയാണ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്. ഇതിനു പിന്നാലെ ചുണ്ടിൽ വിരൽ വെച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് നിശബ്ദരായിരിക്കൂ എന്ന ആംഗ്യവും താരം കാണിച്ചിരുന്നു. ഇതാണ് താരത്തിനെതിരെ തിരിയാനുള്ള പ്രധാന കാരണം.

മത്സരത്തിന് പിന്നാലെ താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ കമന്റായാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആക്രമണം നടക്കുന്നത്. ചിലർ ഇതിനു മറുപടി അടുത്ത മത്സരത്തിൽ നൽകുമെന്ന രീതിയിൽ ആരോഗ്യപരമായ കമന്റുകളാണ് ഇടുന്നതെങ്കിലും ചില കമന്റുകൾ അസഭ്യവാക്കുകളിലേക്കും വ്യക്തിഹത്യയിലേക്കും വംശീയമായ അധിക്ഷേപത്തിലേക്കും നീങ്ങുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആരാധാകരെന്ന നിലയിൽ ഒട്ടും അഭിമാനിക്കാൻ വകയുള്ള കാര്യമല്ല ഇതൊന്നും.

അരിശം മൂത്ത് താരത്തെ അധിക്ഷേപിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പിന്തിരിപ്പിക്കാൻ മറ്റൊരു കൂട്ടം ആരാധകർ ശ്രമിക്കുന്നുണ്ടെന്നതാണ് അതിൽ സന്തോഷം നൽകുന്ന കാര്യം. എന്നാൽ ഇവരുടെ എണ്ണം വളരെ കുറവാണ്. താരത്തിന്റെ രണ്ട് ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ വന്ന കമന്റുകളുടെ എണ്ണവും അവയുടെ സ്വഭാവവും മലയാളികൾക്ക് നാണക്കേടുണ്ടാക്കുന്നതാണ്. എവിടെയും പോയി പൊങ്കാലയിടുകയെന്ന മലയാളിയുടെ പൊതു സ്വഭാവം ഇവിടേയും കാണുന്നുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്‌സ് എങ്കിലും ഇത്തരത്തിലുള്ള സംഭവങ്ങൾ അവരുടെ വിലയിടിക്കുന്നതാണ്. എതിരാളികളെ തളർത്താനുള്ള കാര്യങ്ങൾ ചെയ്യാമെങ്കിലും അവയുടെ പരിധി വിടാൻ പാടില്ലെന്ന് ഓരോ ആരാധകനും മനസിലാക്കേണ്ടതാണ്. തോൽവിയുടെ വിഷമം ആരാധകർക്ക് സ്വാഭാവികമായി ഉണ്ടാകുമെങ്കിലും അതിനെ സ്പോർട്ട്സ്മാൻ സ്‌പിരിറ്റോടെ കാണാൻ ആരാധകരിൽ വലിയൊരു വിഭാഗം പഠിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.