ബ്രസീലടക്കം രണ്ടു ടീമുകൾ അതിശക്തർ, ലോകകപ്പ് നേടാൻ സാധ്യതയുള്ള അഞ്ചു ടീമുകളെ വെളിപ്പെടുത്തി ലയണൽ മെസി

ഖത്തർ ലോകകപ്പിൽ അതിശക്തരായ രണ്ടു ടീമുകൾ ബ്രസീലും ഫ്രാൻസുമാണെന്ന് അർജന്റീന താരം ലയണൽ മെസി. ഇത്തവണ നടക്കുന്ന ലോകകപ്പിൽ അഞ്ചു ടീമുകൾക്കാണ് കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയെന്ന് മെസി പറഞ്ഞുന്നു. ഇത്തവണ കിരീടം നേടാൻ അർജന്റീനക്കും സാധ്യത കൽപ്പിക്കുന്നുണ്ടെങ്കിലും അതേക്കുറിച്ച് പിഎസ്‌ജി താരം പ്രതികരിച്ചില്ല. ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ടിനോട് സംസാരിക്കുമ്പോഴാണ് ഇത്തവണ ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകൾ ആരൊക്കെയാണെന്ന് ലയണൽ മെസി വെളിപ്പെടുത്തിയത്.

“സാധ്യതയുള്ള ടീമുകളെ കണക്കാക്കുമ്പോൾ ബ്രസീൽ, ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട്, സ്പെയിൻ എന്നീ വമ്പൻ ടീമുകളുണ്ട്. ചില ടീമിനെ ഞാൻ മറന്നു പോയിട്ടുണ്ടെന്നും കരുതുന്നു. പക്ഷെ ഒന്നോ രണ്ടോ ടീമുകളെക്കുറിച്ചാണെങ്കിൽ ഇപ്പോൾ ഞാൻ കരുതുന്നത് ബ്രസീലും ഫ്രാൻസുമാണ് ഇത്തവണ ലോകകപ്പ് കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ളവരെന്നാണ്.” മെസി പറഞ്ഞു.

2022 ലോകകപ്പ് ഇതുവരെ നടന്നിട്ടുള്ള ലോകകപ്പുകളിൽ നിന്നും വ്യത്യസ്‌തമായി നവംബർ, ഡിസംബർ മാസങ്ങളിലാണ് നടക്കുന്നത്. മുൻ ലോകകപ്പുകൾ ജൂൺ മാസങ്ങളിൽ നടന്നിരുന്നപ്പോൾ ഖത്തറിലെ കാലാവസ്ഥ കണക്കിലെടുത്താണ് നവംബർ, ഡിസംബർ മാസങ്ങളിലേക്ക് തീരുമാനിച്ചത്. ക്ലബ് സീസണിനിടയിൽ നടക്കുന്നതിനാൽ തന്നെ പരിക്കിന്റെ ബുദ്ധിമുട്ടുകൾ പല താരങ്ങളെയും അലട്ടുമെന്ന പ്രശ്‌നം ലോകകപ്പിനു മുൻപ് ടീമുകൾ നേരിടുന്നുണ്ട്. ഇതേക്കുറിച്ചുള്ള ആശങ്ക മെസിയും പങ്കു വെച്ചിരുന്നു.

നിലവിൽ അർജന്റീന ടീമിൽ ഡിബാല, ഡി മരിയ എന്നീ താരങ്ങളാണ് പരിക്കിന്റെ പിടിയിലായിരിക്കുന്നത്. മെസിക്കും പരിക്കു പറ്റിയിരുന്നെങ്കിലും നിലവിൽ താരം ഫിറ്റ്നസ് വീണ്ടെത്തിട്ടുണ്ട്. ഡി മരിയ ലോകകപ്പിനു മുൻപ് തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഡിബാലയുടെ കാര്യത്തിൽ ആ പ്രതീക്ഷയില്ല. എന്നാൽ രണ്ടു താരങ്ങൾക്കും പരിക്കു മാറി തിരിച്ചെത്താൻ വേണ്ടത്ര സമയമുണ്ടെന്നാണ് മെസി പറയുന്നത്.

2019ൽ തുടങ്ങി 34 മത്സരങ്ങളിൽ അപരാജിതരായാണ് അർജന്റീന ലോകകപ്പിനായി ഒരുങ്ങുന്നത്. സമീപ കാലങ്ങളിൽ നടന്ന മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്താൻ ടീമിന് കഴിഞ്ഞിരുന്നു. നിരവധി കാലമായി ഒരുമിച്ചു കളിക്കുന്ന, ലയണൽ മെസിക്കൊപ്പം ഒറ്റക്കെട്ടായി നിൽക്കുന്ന താരങ്ങൾ തന്നെയാണ് ടീമിന്റെ കരുത്ത്. അതേസമയം മെസി പറഞ്ഞ ടീമുകളുൾപ്പെടെ ലോകകപ്പ് നേടാൻ സാധ്യതയും കരുത്തുമുള്ള നിരവധി ടീമുകൾ വേറെയുമുണ്ട്.