പഴുതടച്ച് കളിക്കാരെ നിർത്തിയിട്ടും അതിനെയെല്ലാം ഭേദിച്ച് മെസിയുടെ ഫ്രീ കിക്ക്, വില്ലനായത് ക്രോസ് ബാർ

ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന ലെ ക്ലാസിക് മത്സരത്തിൽ വിജയം നേടി പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ പിഎസ്‌ജിക്ക് കഴിഞ്ഞു. ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് ഇന്നലെ പിഎസ്‌ജി നേടിയത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ എംബാപ്പയുടെ അസിസ്റ്റിൽ നെയ്‌മർ നേടിയ ഗോളിലാണ് പിഎസ്‌ജി വിജയം നേടിയത്. ഇതോടെ ഫ്രഞ്ച് ലീഗിലെ രണ്ടാം സ്ഥാനക്കാരായ ലോറിയന്റിനെക്കാൾ മൂന്നു പോയിന്റ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനം നിലനിർത്താൻ പിഎസ്‌ജിക്ക് കഴിഞ്ഞപ്പോൾ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന മാഴ്‌സ നാലാം സ്ഥാനത്തേക്ക് വീണിട്ടുണ്ട്.

നെയ്‌മർ നേടിയ ഗോളിനോപ്പം ലയണൽ മെസിയുടെ ഫ്രീ കിക്കും മത്സരത്തിനു ശേഷം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചാവിഷയമാവുകയാണ്. മെസി സ്ഥിരമായി ഫ്രീ കിക്ക് ഗോളുകൾ നേടാറുണ്ടെങ്കിലും ഇത്തവണ ഗോൾ നേടാൻ താരത്തിന് കഴിഞ്ഞില്ല. ബോക്‌സിന് തൊട്ടു വെളിയിൽ നിന്നും താരമെടുത്ത കിക്ക് ബാറിലടിച്ച് നിലത്തു കുത്തി പുറത്തേക്ക് വരികയാണ് ചെയ്‌തത്‌. ഗോൾ നേടിയില്ലെങ്കിലും മെസിയുടെ ഫ്രീ കിക്ക് ചർച്ചയാകുന്നത് ഒരു കാര്യത്തിന്റെ പേരിലാണ്. താരത്തിന്റെ ഷോട്ട് തടുക്കാൻ ഏറ്റവും മികച്ച രീതിയിലുള്ള വാൾ ഒരുക്കി നിർത്തിയിട്ടും അതിനെ ഭേദിക്കാൻ ലയണൽ മെസിക്ക് കഴിഞ്ഞിരുന്നു.

മെസിക്ക് മുൻപിൽ മൂന്നു പേരെയും അതിനു പിന്നിൽ നാലു പേരെയും മതിൽ പോലെ നിർത്തിയാണ് മാഴ്‌സ ഫ്രീ കിക്ക് നേരിടാൻ ഒരുങ്ങിയത്. ഇതിനു പുറമെ മെസി ബോക്‌സിന്റെ മൂലയെ ലക്‌ഷ്യം വെക്കുന്നത് തടയാൻ രണ്ടു പോസ്റ്റിനരികിലും ഓരോ താരങ്ങളെയും നിർത്തിയിരുന്നു. എന്നാൽ ഇതിനെയെല്ലാം നിഷ്പ്രഭമാക്കി ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെയാണ് മെസി ഫ്രീ കിക്ക് എടുത്തത്. എന്നാൽ ക്രോസ് ബാർ വില്ലനായി നിന്നപ്പോൾ താരത്തിന്റെ മനോഹരമായ ഉദ്യമം പാഴായിപ്പോയി.

മത്സരത്തിൽ ഗോൾ നേടാൻ കഴിഞ്ഞില്ലെങ്കിലും പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ മെസി മികച്ച പ്രകടനം നടത്തിയിരുന്നു. എഴുപത്തിയൊമ്പതു മിനുട്ട് കളത്തിലുണ്ടായിരുന്ന താരം മൂന്നു കീ പാസുകളാണ് നൽകിയത്. ഫ്രീ കിക്കിൽ നിന്നുള്ള വുഡ്‌വർക്കിനു പുറമെ മൂന്നു ഷോട്ട് ഓൺ ടാർജറ്റുകളും താരത്തിന്റെ പേരിലുണ്ട്. ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന അർജന്റീന താരത്തിന്റെ മറ്റൊരു മികച്ച പ്രകടനം കൂടിയാണ് മത്സരത്തിൽ കണ്ടത്.

ഈ സീസണിൽ പത്ത് ലീഗ് മത്സരങ്ങൾ കളിച്ച ലയണൽ മെസി അഞ്ചു ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് ഇതുവരെ നേടിയത്. ലീഗിലെ അസിസ്റ്റ് വേട്ടയിൽ മെസിയും സഹതാരം നെയ്‌മറുമാണ് ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. പരിക്കിന്റെ പ്രശ്‌നങ്ങൾ മാറി താരം തിരിച്ചെത്തിയതോടെ അർജന്റീന ആരാധകരും ആശ്വാസത്തിലാണ്‌.