ലോകകപ്പ് പോരാട്ടഭൂമികയിൽ മിശിഹായെത്തി, ലയണൽ മെസി ഖത്തറിൽ

2022 ലോകകപ്പിനുള്ള അർജന്റീന ടീമിനൊപ്പം ചേരാൻ ലയണൽ മെസി ഖത്തറിലെത്തി. ഇന്നലെ പിഎസ്‌ജിയും ഓക്‌സിയറും തമ്മിലുള്ള ഫ്രഞ്ച് ലീഗ് മത്സരത്തിൽ പങ്കെടുത്തതിനു ശേഷമാണ് ടീമിന്റെ നായകനായ ലയണൽ മെസി ഖത്തറിലേക്ക് തിരിച്ചത്. ഖത്തർ യൂണിവേഴ്‌സിറ്റിയിലെ ടീം ക്യാംപിലുള്ള മറ്റു താരങ്ങൾക്കും സ്റ്റാഫുകൾക്കുമൊപ്പം ചേർന്ന് മെസി ഉടനെ തന്നെ പരിശീലനം ആരംഭിക്കും.

ഈ ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തേതാകുമെന്ന് ലയണൽ മെസി നേരത്തെ പറഞ്ഞതിനാൽ താരത്തിലേക്ക് കൂടുതൽ ശ്രദ്ധയുണ്ട്. അർജന്റീന മികച്ച ഫോമിലാണ് ഇത്തവണ ലോകകപ്പിനായി ഒരുങ്ങിയിരിക്കുന്നത്. മുപ്പത്തിയഞ്ചു മത്സരങ്ങളിൽ തോൽവി വഴങ്ങാതെ ലോകകപ്പിനെത്തിയ അർജന്റീന കിരീടസാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ്. ഈ സീസണിൽ ലയണൽ മെസി മികച്ച ഫോമിലാണെന്നത് അവരുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്നു.

ലോകകപ്പ് ഗ്രൂപ്പിൽ സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് എന്നീ ടീമുകൾക്കെതിരെയാണ് അർജന്റീന മത്സരിക്കേണ്ടത്. നവംബർ ഇരുപത്തിരണ്ടിനു സൗദി അറേബ്യയുമായുള്ള മത്സരത്തോടെ അർജന്റീന തങ്ങളുടെ ലോകകപ്പ് ക്യാംപയിൻ ആരംഭിക്കും. അതിനു മുൻപ് യുഎഇ ടീമിനെതിരെ നവംബർ പതിനാറിന് അർജന്റീന ടീം ഒരു സന്നാഹമത്സരം കളിക്കുന്നുണ്ട്. ക്ലബ് ഫുട്ബോൾ സീസൺ കഴിഞ്ഞു വരുന്ന താരങ്ങൾ ഇതിലൂടെ ഒത്തിണക്കം കാണിക്കുമെന്നാണ് കരുതപ്പെടുന്നത്.