ബാഴ്സലോണക്ക് പുറത്തു നിന്നും ഒരൊറ്റ താരം മാത്രം, സഹതാരങ്ങളുടെ മികച്ച ഇലവൻ തിരഞ്ഞെടുത്ത് ലയണൽ മെസി | Lionel Messi
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായ ലയണൽ മെസി തന്റെ പ്രൊഫെഷണൽ കരിയറിൽ ഇതുവരെ രണ്ടു ക്ലബുകൾക്ക് വേണ്ടി മാത്രമാണ് കളിച്ചിട്ടുള്ളത്. ബാഴ്സലോണ അക്കാദമിയിലൂടെ ഉയർന്നു വന്ന മെസി കരിയറിന്റെ ഭൂരിഭാഗവും അവിടെത്തന്നെ ചിലവിട്ടതിനു ശേഷം കാറ്റലൻ ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് പിഎസ്ജിയിൽ എത്തിയത്.
കരിയറിൽ രണ്ടു ക്ലബുകൾക്ക് വേണ്ടി മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ലയണൽ മെസിക്കൊപ്പം നിരവധി സൂപ്പർതാരങ്ങൾ കളിച്ചിട്ടുണ്ട്. പിഎസ്ജിയിൽ എത്തിയതിനു ശേഷം വമ്പൻ നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളുടെ ഭാഗമാകാൻ ലയണൽ മെസിക്ക് കഴിഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ഈ താരങ്ങളിൽ നിന്നും ഏറ്റവും മികച്ച ഇലവനെ ലയണൽ മെസി തിരഞ്ഞെടുക്കുകയുണ്ടായി.
Lionel Messi picks the Best XI he has played with in his career. 💥 pic.twitter.com/44pNxKvFiM
— BeksFCB (@Joshua_Ubeku) April 17, 2023
ഗോൾ പുറത്തു വിട്ടത് പ്രകാരം തന്റെ സഹതാരങ്ങളുടെ മികച്ച ഇലവനിൽ ലയണൽ മെസി ഗോൾകീപ്പറായി തിരഞ്ഞെടുത്തത് മാർക്ക് ആന്ദ്രേ ടെർ സ്റ്റീഗനെയാണ്. അതിനു ശേഷം പ്രതിരോധനിരയിൽ സെന്റർ ബാക്കുകളായി മുൻ ബാഴ്സലോണ താരങ്ങളായ പുയോൾ, മഷറാനോ എന്നിവരെയാണ് മെസി ഉൾപ്പെടുത്തിയത്. റൈറ്റ് ബാക്കായി ബ്രസീലിയൻ ഇതിഹാസം ഡാനി ആൽവാസിനെയും ലെഫ്റ്റ് ബാക്കായി ജോർദി ആൽബയെയും മെസി തിരഞ്ഞെടുത്തു.
മധ്യനിരയിൽ മെസിക്ക് ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത സാവി, ഇനിയേസ്റ്റ എന്നീ താരങ്ങളുമുണ്ട്. ഇവർക്കൊപ്പം ബ്രസീലിയൻ ഇതിഹാസവും ലയണൽ മെസിയുടെ വഴികാട്ടിയുമായ റൊണാൾഡിന്യോയാണ് മധ്യനിരയിലുള്ളത്. മുന്നേറ്റനിരയിൽ മുൻ ബാഴ്സലോണ താരങ്ങളും മെസിയുടെ അടുത്ത സുഹൃത്തുക്കളുമായ നെയ്മർ, സുവാരസ് എന്നിവർ ഉൾപ്പെട്ടപ്പോൾ ബാഴ്സയിൽ മെസിക്കൊപ്പം കളിക്കാത്ത ഒരേയൊരു താരമായി എംബാപ്പെ മെസിയുടെ ഇലവനിലുണ്ട്.
ബാഴ്സലോണയിൽ മെസിയുടെ അടുത്ത സുഹൃത്തായിരുന്ന പിക്വ ഈ ഇലവനിൽ ഉൾപ്പെട്ടില്ലെന്നത് ശ്രദ്ധേയമാണ്. തന്നെ ഒഴിവാക്കി ഇലവൻ തിരഞ്ഞെടുത്ത മെസി ബാഴ്സയോടുള്ള സ്നേഹം അതിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സീസണിന് ശേഷം അർജന്റീന നായകൻ തന്റെ മുൻ ക്ലബ്ബിലേക്ക് തിരിച്ചെത്തുമെന്ന് അഭ്യൂഹങ്ങളും ശക്തമാണ്.
Content Highlights: Lionel Messi Picks Best Eleven Of Teammates