മെസിയുടെ മുൻ പരിശീലകനെ ടീമിലെത്തിക്കാൻ അൽ നസ്ർ | Al Nassr

പരിശീലകനായിരുന്ന റൂഡി ഗാർസിയയെ സീസൺ അവസാനിക്കാൻ ഏതാനും മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സൗദി അറേബ്യൻ ക്ലബായ അൽ നസ്ർ പുറത്താക്കിയത്. ലീഗിലെ മോശം ഫോമാണ് അദ്ദേഹത്തെ പുറത്താക്കാൻ കാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും റൊണാൾഡോ അടക്കമുള്ള താരങ്ങളുമായി ഡ്രസിങ് റൂമിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതാണ് കാരണമെന്നും റിപ്പോർട്ടുകളുണ്ട്.

നിലവിൽ ടീമിനെ പരിശീലിപ്പിക്കുന്നത് താൽക്കാലിക പരിശീലകനായ ഡിങ്കോ ജേലിസിച്ച് ആണ്. യൂത്ത് ടീമിന്റെ പരിശീലകനായിരുന്ന അദ്ദേഹത്തിനു ചുമതല നൽകിയെങ്കിലും സ്ഥിരം പരിശീലകന് വേണ്ടിയുള്ള ശ്രമങ്ങൾ സൗദി ക്ലബ് ആരംഭിച്ചിട്ടുണ്ട്. യൂറോപ്പിലെ വമ്പൻ പരിശീലകരുടെ പേരുകൾ അൽ നസ്‌റുമായി ബന്ധപ്പെട്ടു പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും ധാരണയിൽ എത്തിയിട്ടില്ല.

ഇപ്പോൾ ഇഎസ്‌പിഎന്നിന്റെ റിപ്പോർട്ടുകൾ പ്രകാരം അർജന്റീനിയൻ മാനേജർ ടാറ്റ ജെറാർഡ് മാർട്ടിനോയെയാണ് സൗദി അറേബ്യൻ ക്ലബ് ലക്ഷ്യമിടുന്നത്. ലയണൽ മെസിയെ ക്ലബ് തലത്തിലും ദേശീയ ടീമിലും പരിശീലിപ്പിച്ചിട്ടുള്ള ഒരേയൊരു പരിശീലകനാണ് അദ്ദേഹം. നേരത്തെ മെക്‌സിക്കോ ദേശീയ ടീമിനെ മാനേജരായിരുന്ന അദ്ദേഹം ലോകകപ്പിന് പിന്നാലെ പുറത്തു പോയിരുന്നു.

ടാറ്റ മാർട്ടിനോ സൗദി ക്ലബ്ബിലേക്ക് ചേക്കേറാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാൻ കഴിയില്ല. അത് സംഭവിച്ചാൽ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ പരിശീലിപ്പിച്ച ഒരേയൊരു മാനേജരായി അദ്ദേഹം മാറും. ലയണൽ മെസിയെ ക്ലബിലും ദേശീയ ടീമിലും പരിശീലിപ്പിച്ചതിനു ശേഷം റൊണാൾഡോയെ ക്ലബ് തലത്തിൽ പരിശീലിപ്പിക്കാൻ കഴിയുകയെന്ന ഭാഗ്യമാണ് അദ്ദേഹത്തിന് ലഭിക്കാൻ പോകുന്നത്.

2013 മുതൽ 2014 വരെ ബാഴ്‌സലോണ പരിശീലകനായിരുന്ന മാർട്ടിനോ അതിനു പിന്നാലെ അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായി രണ്ടു വർഷം ഉണ്ടായിരുന്നു. ലയണൽ മെസിയുടെ ബാല്യകാല ക്ലബായ നേവൽസ് ഓൾഡ് ബോയ്‌സിനേയും പരിശീലിപ്പിച്ചിട്ടുള്ള മാർട്ടിനോയുടെ കീഴിൽ അർജന്റീന രണ്ടു കോപ്പ അമേരിക്ക ഫൈനലുകളിൽ എത്തിയെങ്കിലും രണ്ടിലും പരാജയപ്പെട്ടു.

Content Highlights: Al Nassr Considering Gerardo Martino