അതൊരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു, പശ്ചാത്താപം പ്രകടിപ്പിച്ച് ലയണൽ മെസി

ഖത്തർ ലോകകപ്പിലെ ഏറ്റവും ചൂടു പിടിച്ച മത്സരമായിരുന്നു അർജന്റീനയും നെതർലാൻഡ്‌സും തമ്മിൽ നടന്നത്. മത്സരത്തിൽ അർജന്റീന ആധിപത്യം സ്ഥാപിച്ചതിനു ശേഷം നെതർലാൻഡ്‌സ് തിരിച്ചുവരവ് നടത്തി ഷൂട്ടൗട്ടിലാണ് വിജയിയെ തീരുമാനിച്ചത്. മത്സരത്തിന് ശേഷം അർജന്റീന താരങ്ങളിൽ പലരും ഹോളണ്ട് താരങ്ങളെ പ്രകോപനകരമായ രീതിയിൽ കളിയാക്കുകയും ചെയ്‌തു. നായകൻ ലയണൽ മെസിയടക്കം അതിന്റെ ഭാഗമായിയെന്നത് ആരാധകരെ ആശ്ചര്യപ്പെടുത്തിയ കാര്യമായിരുന്നു.

മത്സരത്തിൽ രണ്ടാമത്തെ ഗോൾ നേടിയതിനു ശേഷം ലൂയിസ് വാൻ ഗാലിന് മുന്നിൽ പോയി റിക്വൽമിയുടെ ഗോളാഘോഷം മെസി അനുകരിച്ചിരുന്നു. ബാഴ്‌സലോണയിൽ പരിശീലകനായിരുന്ന സമയത്ത് റിക്വൽമിയെ നിരന്തരം തഴഞ്ഞിട്ടുള്ള വാൻ ഗാൽ അർജന്റീനയെ ചെറുതാക്കി കാണിക്കുന്ന പ്രസ്‌താവനകൾ മത്സരത്തിനു മുൻപ് നടത്തിയതിനുള്ള മറുപടിയാണ് മെസി നൽകിയത്. അതിനു പുറമെ മത്സരത്തിൽ ഹോളണ്ടിന്റെ രണ്ടു ഗോളുകൾ നേടിയ വെഘോസ്റ്റിനെതിരെയും മെസി പ്രകോപനകരമായി സംസാരിച്ചു.

എന്നാൽ അന്ന് നടന്ന സംഭവങ്ങളിലെല്ലാം തനിക്കിപ്പോൾ പശ്ചാത്താപം തോന്നുന്നുണ്ടെന്നാണ് ലയണൽ മെസി പറയുന്നത്. ലൂയിസ് വാൻ ഗാലിനെതിരെ നടത്തിയ ആംഗ്യം നേരത്തെ തീരുമാനിച്ച് ചെയ്തതല്ലെന്നും ആ നിമിഷത്തിൽ അങ്ങിനെ സംഭവിച്ചതാണെന്നും മെസി പറഞ്ഞു. മത്സരത്തിനു മുൻപ് ലൂയിസ് വാൻ ഗാൽ അർജന്റീന ടീമിനെ താഴ്ത്തിക്കെട്ടി സംസാരിച്ചത് ചില സഹതാരങ്ങൾ തന്നോട് പറഞ്ഞിരുന്നു, അതിനൊപ്പം മത്സരത്തിന്റെ ആവേശം കൂടി അതുണ്ടാകാൻ കാരണമായെന്നും മെസി പറഞ്ഞു.

വളരെയധികം സംഘർഷവും ആശങ്കയും നിറഞ്ഞു നിന്ന നിമിഷങ്ങളായിരുന്നു മത്സരത്തിൽ ഉണ്ടായതെന്നും അതിനിടയിൽ ഈ കാര്യങ്ങളെല്ലാം പെട്ടന്ന് സംഭവിച്ചതാണെന്നും മെസി പറഞ്ഞു. ഒന്നിനെക്കുറിച്ചും ചിന്തിക്കാനുള്ള സമയം അപ്പോൾ ഉണ്ടായിരുന്നില്ലെന്നും അതൊന്നും നേരത്തെ തീരുമാനിച്ച് ചെയ്‌ത കാര്യങ്ങളല്ലെന്നും താരം വ്യക്തമാക്കി. അതുപോലെയൊരു ചിത്രം തന്നെക്കുറിച്ച് സൃഷ്‌ടിക്കാൻ ആഗ്രഹമുണ്ടായിരുന്നില്ലെന്നും അതിൽ പശ്ചാത്താപമുണ്ടെന്നും മെസി വ്യക്തമാക്കി.