പെനാൽറ്റികളില്ലാതെ ഏറ്റവുമധികം ഗോളുകൾ, രണ്ടു പുതിയ റെക്കോർഡുകൾ കുറിച്ച് ലയണൽ മെസി | Lionel Messi
പ്രീ സീസണിൽ ഇന്റർ മിയാമിയുടെയും ലയണൽ മെസിയുടെയും പ്രകടനം മോശമായതിനാൽ തന്നെ ഇത്തവണ അമേരിക്കൻ ലീഗിൽ ക്ലബിന് യാതൊരു സാധ്യതയുമുണ്ടാകില്ലെന്നാണ് ഏവരും കരുതിയത്. എന്നാൽ സീസൺ ആരംഭിച്ചപ്പോൾ മികച്ച പ്രകടനമാണ് ഇന്റർ മിയാമി നടത്തുന്നത്. മൂന്നു മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു വിജയവും ഒരു സമനിലയുമായി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഇന്റർ മിയാമി.
ഇന്റർ മിയാമിക്കായി ലയണൽ മെസിയും മികച്ച പ്രകടനമാണ് നടത്തുന്നത്. മൂന്നു മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇറങ്ങിയ താരം മൂന്നു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. അതിൽ രണ്ടു ഗോളുകളും കഴിഞ്ഞ ദിവസം ഒർലാൻഡോ സിറ്റിക്കെതിരെ നടന്ന മത്സരത്തിലാണ് പിറന്നത്. ഇതോടെ രണ്ടു റെക്കോർഡുകളും ലയണൽ മെസി സ്വന്തമാക്കി.
🇦🇷 ⚽ Lionel Messi's brace for Inter Miami against Orlando City means he has now scored 500 career League Goals in just 586 Matches
MESSI now has the most non penalty Goals in Football History, 716 NON PENALTY GOALS
👑 🐐 pic.twitter.com/xJ8JjSEpv8
— Football Fans Tribe 🇳🇬 ⚽ (@FansTribeHQ) March 3, 2024
ഇന്നലെ നടന്ന മത്സരത്തിൽ ലയണൽ മെസി ഒരു ഗോൾ നേടിയത് ഹെഡറിലൂടെയും ഒരു ഗോൾ നേടിയത് റീബൗണ്ട് ചെസ്റ്റ് കൊണ്ട് തട്ടിയിട്ടുമായിരുന്നു. ഇതോടെ പെനാൽറ്റികൾ ഒഴിവാക്കിയാൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന ഫുട്ബോൾ താരമെന്ന റെക്കോർഡാണ് മെസി നേടിയത്. പെനാൽറ്റികൾ ഒഴിവാക്കിയാൽ 716 ഗോളുകളാണ് ലയണൽ നേടിയിരിക്കുന്നത്.
അതിനു പുറമെ മറ്റൊരു നേട്ടം കൂടി മെസി സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കൻ ലീഗിൽ രണ്ടു ഗോൾ നേടിയതോടെ കരിയറിൽ അഞ്ഞൂറ് ലീഗ് ഗോളുകൾ സ്വന്തമാക്കുകയെന്ന റെക്കോർഡാണ് മെസിയുടെ പേരിൽ കുറിക്കപ്പെട്ടത്. വെറും 586 മത്സരങ്ങളിൽ നിന്നാണ് അഞ്ഞൂറ് ലീഗ് ഗോളുകൾ മെസി നേടിയത്. അസിസ്റ്റ് കൂടിയെടുത്താൽ മെസിയുടെ ഗോൾ പങ്കാളിത്തം ഇനിയും വർധിക്കും.
ലോകകപ്പിന് ശേഷം പിഎസ്ജി, ഇന്റർ മിയാമി എന്നീ ക്ലബുകൾക്കൊപ്പം ലയണൽ മെസിയുടെ പ്രകടനം താരത്തിന്റെ കഴിവിനൊത്ത് ഉയർന്നതല്ലായിരുന്നു. എന്നാൽ ഈ സീസണിൽ അതിൽ മാറ്റമുണ്ടാകുമെന്ന് വ്യക്തമാണ്. അതിനു പുറമെ ഇത്തവണ കോപ്പ അമേരിക്ക കിരീടം കൂടി സ്വന്തമാക്കിയാൽ മെസി ഇനിയും വ്യക്തിഗത പുരസ്കാരങ്ങൾ വാരിക്കൂട്ടാനുള്ള സാധ്യതയുണ്ട്.
Lionel Messi Set New Two Records