ആർക്കും തടുക്കാനാവാത്ത അതിമനോഹരഗോൾ, പിഎസ്‌ജിക്ക് വിജയം നേടിക്കൊടുത്ത് ലയണൽ മെസി

ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ടുളൂസേക്കെതിരെ വിജയം സ്വന്തമാക്കി പിഎസ്‌ജി. ലയണൽ മെസി തകർപ്പൻ പ്രകടനം നടത്തിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പിഎസ്‌ജി സ്വന്തം മൈതാനത്ത് വിജയം നേടിയത്. ബ്രാൻകോ വാൻ ഡെന് ബൂമന്റെ ഗോളിൽ ടുളൂസേ മുന്നിലെത്തിയതിനു ശേഷമാണ് പിഎസ്‌ജി രണ്ടു ഗോളുകൾ തിരിച്ചടിച്ചത്. എംബാപ്പയുടെയും നെയ്‌മറുടെയും അഭാവത്തിൽ ലയണൽ മെസിയും പ്രതിരോധതാരം അഷ്‌റഫ് ഹക്കിമിയും നേടിയ ഗോളുകളിലാണ് പിഎസ്‌ജി വിജയിച്ചത്.

മത്സരത്തിൽ രണ്ടു ടീമുകളും സമനിലയിൽ നിൽക്കുമ്പോൾ രണ്ടാം പകുതിയിൽ ലയണൽ മെസി നേടിയ ഗോൾ അതിമനോഹരമായിരുന്നു. അഷ്‌റഫ് ഹക്കിമി മികച്ചൊരു നീക്കം നടത്തി പന്തുമായി ബോക്‌സിനു തൊട്ടു പുറത്തെത്തിയെങ്കിലും പന്ത് കാലിൽ നിന്നും പോയി. എന്നാൽ ആ പന്ത് ലഭിച്ചത് ബോക്‌സിന് പുറത്തു നിന്നിരുന്ന മെസിയുടെ കാലുകളിലായിരുന്നു. ഒരു നിമിഷം പോലും ചിന്തിക്കാതെ താരം എടുത്ത ഷോട്ട് ഗോൾപോസ്റ്റിന്റെ തൊട്ടരികിലൂടെ ഗോളിയെ കീഴടക്കി ഉള്ളിലേക്ക്.

ഈ സീസണിൽ ലയണൽ മെസി നേടിയ ഗോളുകളിൽ മികച്ചൊരു ഗോളായിരുന്നു അതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇതിനു പുറമെ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ താരത്തിന്റെ ഒരു ഷോട്ട് പോസ്റ്റിലടിച്ചും പുറത്തു പോയിരുന്നു. പ്രത്യാക്രമണത്തിൽ ഒറ്റക്ക് മുന്നേറിയ മെസി ടുളൂസേ താരങ്ങളെ ഡ്രിബിൾ ചെയ്‌തുതിർത്ത ഷോട്ട് പോസ്റ്റിൽ തട്ടി വന്നത് റീബൗണ്ടിൽ വലയിലെത്തിക്കാൻ വിറ്റിന്യക്ക് അവസരമുണ്ടായിരുന്നെങ്കിലും താരം അത് നഷ്‌ടമാക്കി.

നെയ്‌മർ, എംബാപ്പെ എന്നിവരില്ലാതെ ഇറങ്ങിയ മത്സരത്തിൽ വിജയം നേടിയത് പിഎസ്‌ജിക്ക് ആത്മവിശ്വാസം നൽകുന്നതാണ്. നെയ്‌മർ അടുത്ത മത്സരത്തിൽ തിരിച്ചു വരുമെങ്കിലും എംബാപ്പെ ബയേൺ മ്യൂണിക്കുമായുള്ള മത്സരത്തിൽ വരെ പുറത്തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ടീം മികച്ച പ്രകടനം നടത്തുന്നത് ഇതിനിടയിൽ ആശ്വാസമാണ്. ഇന്നലത്തെ മത്സരം വിജയിച്ചതോടെ 22 മത്സരങ്ങളിൽ നിന്നും 54 പോയിന്റുമായി പിഎസ്‌ജി ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ഒരു മത്സരം കുറച്ചു കളിച്ച് 46 പോയിന്റുമായി മാഴ്‌സ രണ്ടാമത് നിൽക്കുന്നു.