ആദ്യ ഇലവനിൽ തന്നെ ലയണൽ മെസിയിറങ്ങും, മറ്റൊരു കിരീടം കൂടി സ്വന്തമാക്കാൻ അർജന്റീന താരം | Lionel Messi

ലയണൽ മെസി സൗദി സന്ദർശനം നടത്തിയതും അനുമതിയില്ലാതെ ചെയ്‌ത പ്രവൃത്തിയുടെ ഭാഗമായി താരത്തെ രണ്ടാഴ്‌ചത്തേക്ക് സസ്‌പെൻഡ് ചെയ്‌തതുമെല്ലാം ഫുട്ബോൾ ലോകത്തെ പ്രധാന വാർത്തകൾ ആയിരുന്നു. ക്ലബിന്റെ ട്രെയിനിങ് സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയില്ലെന്നും ആ ദിവസങ്ങളിലെ വേതനം നൽകില്ലെന്നും സസ്‌പെൻഷനിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ അതിനു പിന്നാലെ മെസി ക്ഷമാപണം നടത്തി മുന്നോട്ടു വന്നതോടെ ഇതിലെല്ലാം മാറ്റങ്ങളുണ്ടായി.

തന്റെ സഹതാരങ്ങളോട് മെസി ക്ഷമാപണം നടത്തിയതോടെ താരത്തിനെതിരെ എടുത്ത സസ്‌പെൻഷൻ തീരുമാനം ക്ലബ് പിൻവലിച്ചു. ഏതാനും ദിവസങ്ങളുടെ ഉള്ളിൽ തന്നെ മെസി പിഎസ്‌ജി പരിശീലനവും ആരംഭിച്ചു. ആദ്യം ഒറ്റക്ക് പരിശീലനം നടത്തിയ താരം കഴിഞ്ഞ ദിവസം ടീമിലെ മറ്റു താരങ്ങൾക്കൊപ്പം പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നു. ഇതോടെ താരം അടുത്ത മത്സരത്തിന് ഉണ്ടാകുമോയെന്നാണ് ആരാധകർ ഉറ്റു നോക്കിയിരുന്നത്.

അയാക്കിയോക്കെതിരെ നാളെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോൾ പിഎസ്‌ജി പരിശീലകൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തി. മത്സരത്തിൽ മെസി ആദ്യ ഇലവനിൽ തന്നെ ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ലയണൽ മെസി വളരെ മികച്ച രീതിയിൽ പരിശീലനം നടത്തുന്നുണ്ടെന്നും താരത്തിന്റെ മനോഭാവം മികച്ചതാണെന്നും പറഞ്ഞ അദ്ദേഹം താരം ഒരു കിരീടം കൂടി നേടാൻ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി.

ട്രോയാസിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ സസ്‌പെൻഷൻ കാരണം ലയണൽ മെസി കളിച്ചിരുന്നില്ല. നിലവിൽ ഫ്രഞ്ച് ലീഗ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ലെൻസിനേക്കാൾ ആറു പോയിന്റ് മുന്നിലാണ് പിഎസ്‌ജി. ലീഗിൽ നാല് മത്സരങ്ങൾ ശേഷിക്കെ രണ്ടെണ്ണത്തിൽ വിജയം നേടിയാൽ പിഎസ്‌ജി കിരീടം സ്വന്തമാക്കും. ഈ നാല് മത്സരങ്ങളിലും പിഎസ്‌ജിക്ക് വമ്പൻ എതിരാളികളില്ല.

Galtier Confirms Lionel Messi Will Play Against Ajaccio