ഖത്തറിലേത് ലയണൽ മെസിയുടെ അവസാനത്തെ ലോകകപ്പാവില്ല, അടുത്ത ലോകകപ്പിലും താരത്തിന് കളിക്കാമെന്ന് സ്‌കലോണി

അർജന്റീന, മെസി ആരാധകർക്ക് വളരെയധികം സന്തോഷം നൽകിയാണ് ഖത്തർ ലോകകപ്പ് അവസാനിച്ചത്. ലയണൽ മെസി തന്റെ കരിയറിലെ ആദ്യത്തെ ലോകകപ്പ് ലുസൈൽ മൈതാനത്ത് ഉയർത്തിയത് ഫുട്ബോൾ പ്രേമികൾക്ക് സന്തോഷം നൽകിയ കാര്യമായിരുന്നു. ക്ലബ് തലത്തിലും ദേശീയ ടീമിനും വേണ്ടി സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ മെസിയുടെ കരിയറിൽ ബാക്കിയുണ്ടായിരുന്ന ഒരേയൊരു നേട്ടമായ ലോകകപ്പ് മുപ്പത്തിയഞ്ചാം വയസിലാണ് താരം പൊരുതി നേടിയത്. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും താരത്തെ തേടിയെത്തി.

ഖത്തർ ലോകകപ്പ് സെമി ഫൈനലിൽ ക്രൊയേഷ്യയെ തോൽപ്പിച്ച് ഫൈനലിലേക്ക് മുന്നേറിയതിനു ശേഷം ലയണൽ മെസി പറഞ്ഞ വാക്കുകൾ ആരാധകരിൽ നിരാശ സൃഷ്‌ടിക്കുന്ന ഒന്നായിരുന്നു. ഫൈനലിൽ വിജയിച്ചാലും തോൽവി നേരിട്ടാലും ഇതു തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്നാണ് ലയണൽ മെസി പറഞ്ഞത്. അടുത്ത ലോകകപ്പ് സമയത്ത് മുപ്പത്തിയൊമ്പതു വയസ്സാകുന്ന തനിക്ക് അപ്പോഴും ഫോം നിലനിർത്താൻ കഴിയുമോയെന്ന സംശയം കൊണ്ടായിരിക്കാം മെസി അങ്ങിനെ പറഞ്ഞത്. എന്നാൽ മനോഹരമായ ഫുട്ബോൾ കൊണ്ട് വിസ്‌മയിപ്പിക്കുന്ന ലയണൽ മെസിയെ എപ്പോഴും കളിക്കളത്തിൽ കാണാൻ ആഗ്രഹിക്കുന്ന ആരാധകർക്ക് അതൊരു നിരാശയായിരുന്നു.

Lionel Scaloni Says Messi Can Play Next World Cup And Doors Are Open

എന്നാൽ ലയണൽ മെസിക്ക് അടുത്ത ലോകകപ്പിലും അർജന്റീന ടീമിനൊപ്പം ഉണ്ടാകാൻ കഴിയുമെന്നും താരത്തിനു മുന്നിൽ അർജന്റീനയുടെ വാതിലുകൾ തുറന്നു കിടക്കുമെന്നുമാണ് കഴിഞ്ഞ ദിവസം അർജന്റീന പരിശീലകൻ സ്‌കലോണി പറഞ്ഞത്. “ലയണൽ മെസിക്ക് അടുത്ത ലോകകപ്പിലും കളിക്കാൻ കഴിയുമെന്നാണ് ഞാൻ പറയുന്നത്, ഞങ്ങൾക്കത് നല്ലൊരു കാര്യമായിരിക്കും. എന്നാൽ താരത്തിന് എന്താണ് ആവശ്യം എന്നതിനെ ആശ്രയിച്ചിരിക്കും അതെല്ലാം. എത്രത്തോളം നന്നായി തുടരുന്നു, കളിക്കളത്തിൽ സന്തോഷവാനാണോ എന്നെല്ലാം പ്രധാനമാണ്. അജന്റീനയുടെ വാതിലുകൾ എല്ലായിപ്പോഴും തുറന്നിരിക്കും” സ്‌കലോണി പറഞ്ഞു.

പ്രായം കൂടുന്നതിനനുസരിച്ച് തന്റെ കളിയിൽ വലിയ രീതിയിൽ മാറ്റങ്ങൾ കൊണ്ടു വന്ന താരമാണ് ലയണൽ മെസി. ആദ്യ കാലങ്ങളിൽ വളരെയധികം ഡ്രിബ്ലിങ്ങും വേഗതയേറിയ നീക്കങ്ങളും നടത്തിയിരുന്ന ലയണൽ മെസി ഇപ്പോൾ മൈതാനത്ത് കൂടുതൽ സമയം നടന്നാണ് ചിലവഴിക്കുന്നത്. എന്നാൽ പന്ത് കാലിൽ ലഭിക്കുമ്പോൾ മികച്ചൊരു പാസിലൂടെയോ ഒന്നോ രണ്ടു താരങ്ങളെ വെട്ടിച്ചു കൊണ്ടുള്ള നീക്കത്തിലൂടെയോ സഹതാരവുമായി വൺ ടച്ച് മുന്നേറ്റത്തിലൂടെയോ ഇപ്പോഴും എതിരാളികളുടെ പ്രതിരോധത്തെ ചിന്നഭിന്നമാക്കാൻ മെസിക്ക് കഴിയുന്നു.

ഫിറ്റ്നസ് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ ലയണൽ മെസി 2026ൽ നടക്കുന്ന ലോകകപ്പ് കളിക്കാനുള്ള സാധ്യതയുണ്ട്. മുപ്പത്തിയെട്ടാം വയസിൽ ബ്രസീൽ ടീമിന്റെ പ്രധാന പ്രതിരോധതാരമായി കളിച്ച തിയാഗോ സിൽവ, മുപ്പത്തിയൊമ്പതാം വയസിൽ ടീമിനൊപ്പം ഉണ്ടായിരുന്ന ഡാനി ആൽവസ് എന്നിവരെയെല്ലാം നമ്മൾ കണ്ടതിനാൽ മെസിക്ക് അതിനു കഴിഞ്ഞേക്കും. ഒരുപക്ഷെ എല്ലാ മത്സരങ്ങളിലും മുഴുവൻ സമയവും കളിക്കാൻ കഴിഞ്ഞില്ലെങ്കിലും ടീമിന് പ്രചോദനം നൽകാൻ മെസിയുടെ സാന്നിധ്യം കൊണ്ടു കഴിയുമെന്നുറപ്പാണ്.