ലിസാൻഡ്രോ മാർട്ടിനസ് പോളണ്ടിനെതിരെ ആദ്യ ഇലവനിൽ കളിക്കില്ല, കാരണമിതാണ്

ലോകകപ്പിൽ അർജന്റീനയെ സംബന്ധിച്ച് ഏറ്റവും നിർണായകമായ മത്സരത്തിൽ പുതിയ തന്ത്രങ്ങൾ മാറ്റിപ്പിടിക്കാൻ പരിശീലകൻ ലയണൽ സ്‌കലോണി ഒരുങ്ങുന്നു. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്നത്തെ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധതാരമായ ലിസാൻഡ്രോ മാർട്ടിനസിനെ സ്‌കലോണി കളിപ്പിക്കാൻ സാധ്യതയില്ല. മെക്‌സിക്കോക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ അർജന്റീനക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരമാണ് ലിസാൻഡ്രോ മാർട്ടിനസ്.

ഉയരക്കുറവാണ് താരത്തെ ടീമിൽ നിന്നും ഒഴിവാക്കാനുള്ള സാധ്യത വർധിപ്പിക്കുന്നത്. ലെവൻഡോസ്‌കി അടക്കം ഉയരം കൂടിയ, ഏരിയൽ ബോൾസിൽ ആനുകൂല്യമുള്ള താരങ്ങൾക്കെതിരെ ഉയരം കുറഞ്ഞ ലിസാൻഡ്രോ മാർട്ടിനസിനെ ഇറക്കുന്നത് തിരിച്ചടി നൽകുമെന്ന ധാരണ സ്‌കലോണിക്കുണ്ട്. അതിനാൽ ക്രിസ്റ്റ്യൻ റോമെറോ അല്ലെങ്കിൽ പെസല്ല ആയിരിക്കും അർജന്റീന പ്രതിരോധത്തിൽ ഓട്ടമെൻഡിക്കൊപ്പം ഉണ്ടാവുക.  തീരുമാനം അർജന്റീനക്ക് തിരിച്ചടിയാകുമോയെന്നു കണ്ടറിയണം.

സൗദി അറേബ്യക്കെതിരായ ആദ്യത്തെ മത്സരത്തിൽ റോമെറോ തന്നെയാണ് ആദ്യ ഇലവനിൽ ഇറങ്ങിയത്. എന്നാൽ മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന താരത്തെ രണ്ടാം പകുതിയിൽ സ്‌കലോണി പിൻവലിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ അർജന്റീന ഒരു ഗോൾ നേടിയതിനു ശേഷം റൊമെറോയെ സ്‌കലോണി കളത്തിലിറക്കിയിരുന്നു. റോമെറോ മികച്ച ഡിഫെൻഡർ ആണെങ്കിലും മാർട്ടിനസിന്റെ ആവേശം ടീമിന് വലിയൊരു മുതൽക്കൂട്ടാണ്.

അർജന്റീന സാധ്യത ഇലവൻ:എമിലിയാനോ മാർട്ടിനെസ്; നഹുവൽ മോളിന, നിക്കോളാസ് ഒട്ടമെൻഡി,പെസല്ല/ ക്രിസ്ത്യൻ റൊമേറോ, മാർക്കോസ് അക്യൂന; റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ് / ഗൈഡോ റോഡ്രിഗസ് അലക്സിസ് മാക് അലിസ്റ്റർ; ഏഞ്ചൽ ഡി മരിയ, ലൗട്ടാരോ മാർട്ടിനെസ്, ലയണൽ മെസ്സി.