ലയണൽ മെസി മെക്‌സിക്കോ ജേഴ്‌സിയെ അപമാനിച്ചോ, സത്യാവസ്ഥയിതാണ്

ലയണൽ മെസിക്കെതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിലൂടെ ഉയർന്നു വരുന്നത്. മെക്‌സിക്കോക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ വിജയം നേടിയതിനു ശേഷം ഡ്രസിങ് റൂമിൽ നടന്ന ആഘോഷങ്ങളുടെ ഇടയിൽ മെക്‌സിക്കോ ടീമിന്റെ ജേഴ്‌സി നിലത്തിട്ടു ചവുട്ടിയെന്നാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണം. മെക്‌സിക്കോയിലെ പ്രമുഖ ബോക്‌സറായ കാൻസലോ അൽവാരസ് മെസി തന്റെ മുന്നിൽ വന്നു പെടാതിരിക്കട്ടെ എന്ന ഭീഷണി മുഴക്കുകയും ചെയ്‌തു.

അതേസമയം മെസി മനഃപൂർവമല്ല ഇതു ചെയ്‌തതെന്ന്‌ ആ ദൃശ്യങ്ങൾ കാണുന്ന ഏതൊരാൾക്കും വ്യക്തമാകും. ഡ്രസിങ് റൂമിലെ ആഘോഷങ്ങളിൽ ശ്രദ്ധിച്ച് തന്റെ ബൂട്ട് അഴിക്കുന്നതിന്റെ ഇടയിൽ മെസി അറിയാതെയാണ് മെക്‌സിക്കോ ജേഴ്‌സി തട്ടിത്തെറിപ്പിക്കുന്നത്. അവിടങ്ങിനൊരു ജേഴ്‌സി ഉണ്ടെന്ന കാര്യം തന്നെ മെസി ശ്രദ്ധിച്ചിട്ടില്ലെന്നത് താരത്തിന്റെ പെരുമാറ്റത്തിൽ നിന്നും വ്യക്തമാണ്. എന്നാൽ വിവാദങ്ങൾ ഉണ്ടാക്കാൻ ഇതുപോലേ ചെറിയ കാരണങ്ങൾ മതിയെന്നതിനാൽ സ്വാഭാവികമായും ഉയരുന്ന ബഹളമാണ് ഇപ്പോഴുള്ളത്.

മെസിക്ക് മെക്‌സിക്കോയിൽ നിന്നു പോലും ഇക്കാര്യത്തിൽ പിന്തുണ ലഭിക്കുന്നുണ്ട്. കഴിഞ്ഞ കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ് വിജയത്തിന് ശേഷം ബ്രസീലിനെ കളിയാക്കി അർജന്റീന താരം ഡി പോൾ പാട്ടു പാടാൻ തുടങ്ങിയപ്പോൾ അതിനെ വിലക്കിയ താരമാണ് മെസി. എതിരാളികളെ ബഹുമാനിക്കാൻ അറിയാവുന്ന താരത്തിൽ നിന്നും ഈ പെരുമാറ്റം ഉണ്ടാകില്ലെന്ന് തന്നെയാണ് ഏവരും വിശ്വസിക്കുന്നത്.