നെയ്‌മറെ ഫൗൾ ചെയ്യുന്നത് ഒഴിവാക്കണമെന്ന ആവശ്യവുമായി ബ്രസീൽ പരിശീലകൻ

ഫുട്ബോൾ കളത്തിൽ നിരന്തരമായ ഫൗളുകൾക്ക് വിധേയനാകുന്ന താരമാണ് നെയ്‌മർ. എല്ലാ സമയത്തും ഡ്രിബിൾ ചെയ്‌തു കളിക്കുന്നതാണ് ഈ ഫൗളുകൾക്കുള്ള പ്രധാന കാരണം. അതു കൊണ്ടു തന്നെ സെർബിയക്കെതിരെ നടന്ന ലോകകപ്പ് മത്സരത്തിൽ ഫൗൾ ചെയ്യപ്പെട്ട നെയ്മർക്ക് ഗ്രൂപ്പിലെ മത്സരങ്ങൾ കളിക്കാൻ കഴിയില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പ്രീ ക്വാർട്ടർ മുതലുള്ള മത്സരങ്ങൾ താരത്തിന് കളിക്കാൻ കഴിയുമോയെന്നതും കണ്ടറിയേണ്ട കാര്യമാണ്.

അതേസമയം നെയ്‌മർക്കെതിരെ തുടർച്ചയായ ഫൗളുകൾ ഒഴിവാക്കണമെന്ന ആവശ്യമാണ് ബ്രസീൽ പരിശീലകൻ ടിറ്റെ റഫറിമാരോട് ആവശ്യപ്പെടുന്നത്. ഏറ്റവും മനോഹരമായി ഫുട്ബോൾ മത്സരങ്ങൾ നടക്കണമെങ്കിൽ ഫൗളുകൾ നടക്കുന്നതിൽ റഫറിമാർ കൂടുതൽ ശ്രദ്ധ കൊടുക്കണമെന്ന് ടിറ്റെ ആവശ്യപ്പെടുന്നു. ചില താരങ്ങളെ പ്രത്യേകം ലക്‌ഷ്യം വെക്കുന്നുണ്ടെന്നും അത് നിർത്താനുള്ള ഇടപെടൽ ഉണ്ടാകണമെന്നുമാണ് ബ്രസീൽ പരിശീലകൻ പറയുന്നത്.

സെർബിയക്കെതിരെ എൺപതാം മിനുട്ടിലാണ് നെയ്‌മർ പരിക്കേറ്റു പുറത്തിറങ്ങുന്നത്. ഇന്ന് സ്വിറ്റ്സർലണ്ടിനെതിരെ നടക്കുന്ന മത്സരത്തിൽ താരം കളിക്കാനിറങ്ങാൻ യാതൊരു സാധ്യതയുമില്ല. റയൽ മാഡ്രിഡ് താരം റോഡ്രിഗോ നെയ്‌മർക്ക് പകരം കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം നെയ്‌മർ പരിക്ക് മാറി ഖത്തർ ലോകകപ്പിൽ ഇനിയും കളിക്കുമെന്നു തന്നെയാണ് ബ്രസീൽ പരിശീലകൻ പറയുന്നത്.