റൊണാൾഡോയെ പൂട്ടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നിയമസഹായം തേടുന്നു
കഴിഞ്ഞ ദിവസം ക്ലബിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡൊക്കെതിരെ നടപടിയെടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്. താരത്തിന്റെ പരാമർശങ്ങൾ വിശകലനം ചെയ്തതിനു ശേഷം നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യക്തമാക്കിയിരുന്നു. ഇതിനു മുന്നോടിയായി ക്ലബ് നിയമസഹായം തേടിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബ്രോഡ്കാസ്റ്ററായ പിയേഴ്സ് മോർഗനു കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിമർശിച്ചത്. ക്ലബിലുള്ള ചിലർ തന്നെ ചതിക്കാനാണ് ശ്രമിച്ചതെന്നും മുൻ പരിശീലകനായ സർ അലക്സ് ഫെർഗുസൺ പോയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് യാതൊരു വിധത്തിലുള്ള മെച്ചവും ഉണ്ടായിട്ടില്ലെന്നും റൊണാൾഡോ പറഞ്ഞു.
Manchester United are reportedly taking legal advice before they respond to Cristiano Ronaldo's comments in his interview with Piers Morgan.#MUFC pic.twitter.com/kuA5GRDUUx
— United View (@unitedviewtv) November 14, 2022
നിലവിലെ പരിശീലകനായ എറിക് ടെൻ ഹാഗിനെതിരെയും റൊണാൾഡോ വിമർശനം നടത്തിയിരുന്നു. തന്നെ ചതിക്കാൻ തന്നെയാണ് അദ്ദേഹവും ശ്രമിച്ചതെന്നും തന്നോട് ബഹുമാനമില്ലാത്ത അയാളെ തനിക്കും ബഹുമാനമില്ലെന്നും റൊണാൾഡോ പറഞ്ഞു. ലോകകപ്പിന്റെ ഇടവേളക്ക് ക്ലബ് മത്സരങ്ങൾ അവസാനിച്ചതിനു പിന്നാലെയാണ് റൊണാൾഡോയുടെ പരാമർശങ്ങൾ.
ക്ലബിനെതിരെ റൊണാൾഡോ നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. അതുകൊണ്ടു തന്നെ താരത്തിനെതിരെ നടപടി ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. അതിനു മുന്നോടിയായി എല്ലാ പഴുതുകളും അടക്കാൻ വേണ്ടിയാണ് ക്ലബ് നിയമസഹായം തേടുന്നത്. എന്തായാലും റൊണാൾഡോ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.