റൊണാൾഡോക്ക് പകരക്കാരനായി അർജന്റീനിയൻ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നു
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ പകരക്കാരനായി അർജന്റീനിയൻ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ല സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇന്റർ മിലാന്റെ അർജന്റീനിയൻ മുന്നേറ്റനിര താരമായ താരമായ ലൗടാരോ മാർട്ടിനസിനെയാണ് റൊണാൾഡോക്ക് പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിക്കാൻ വേണ്ടി ശ്രമിക്കുന്നത്.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും വിജയം കണ്ടില്ല. ഇതോടെ ക്ലബിനൊപ്പം തന്നെ തുടർന്ന താരം എറിക് ടെൻ ഹാഗിന്റെ പദ്ധതികളിൽ പകരക്കാരനായി മാറി. ടോട്ടനം ഹോസ്പറിനെതിരെ നടന്ന മത്സരത്തിൽ പകരക്കാരനായി ഇറങ്ങാൻ വിസമ്മതിക്കുകയും മത്സരം തീരുന്നതിനു മുൻപേ തന്നെ മൈതാനം വിടുകയും ചെയ്ത താരത്തിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് അച്ചടക്കനടപടി സ്വീകരിച്ചതോടെയാണ് താരം ജനുവരിയിൽ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ വീണ്ടും ശക്തമായത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടുകയാണെങ്കിൽ പകരക്കാരനായി ലൗടാരോ മാർട്ടിനസിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നത്. ക്ലബിന്റെ പരിശീലകൻ എറിക് ടെൻ ഹാഗിന് അർജന്റീന താരത്തെ വളരെയധികം ഇഷ്ടമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ റൊണാൾഡോ ജനുവരിയിൽ ക്ലബ് വിട്ടാലും ലൗടാരോ മാർട്ടിനസിനെ അപ്പോൾ തന്നെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞേക്കില്ല. നിലവിൽ ഇന്ററിനായി മികച്ച ഫോമിൽ കളിക്കുന്ന താരം ഈ സീസണു ശേഷമേ ക്ലബ് വിടുന്ന കാര്യം പരിഗണിക്കുന്നുണ്ടാകൂ.
Follow @unitedredbilly to get the latest hand-picked Man United news like this delivered straight to your feed every day!https://t.co/0BRIRTcnnf
— Red Billy (@unitedredbilly) October 24, 2022
വിവിധ റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറാൻ ലൗടാരോ മാർട്ടിനസിനും ആഗ്രഹമുണ്ട്. ഈ സീസണിൽ പതിനൊന്നു സീരി എ മത്സരങ്ങളിൽ നിന്നും ആറു ഗോളും രണ്ട് അസിസ്റ്റുമാണ് അർജന്റീനിയൻ താരം നേടിയത്. ഇതിനു പുറമെ ചാമ്പ്യൻസ് ലീഗിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കാനും മാർട്ടിനസിനു കഴിഞ്ഞിട്ടുണ്ട്. അർജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകൾ താരത്തിന്റെ ഫോമിനെ കൂടി കേന്ദ്രീകരിച്ചാണ് നിൽക്കുന്നത്.