ആശങ്കകളെല്ലാമൊഴിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് ടീം സെറ്റായി, ആരാധകർക്ക് മറ്റൊരു സന്തോഷവാർത്ത കൂടി | Kerala Blasters
ഇന്ത്യൻ സൂപ്പർലീഗിലെ ആദ്യത്തെ മത്സരത്തിൽ ആവേശക്കടൽ സൃഷ്ടിക്കാൻ ഒരുങ്ങി നിൽക്കുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷവാർത്ത. കഴിഞ്ഞ സീസണിൽ ടീമിന്റെ ടോപ് സ്കോററും സ്ക്വാഡിലെ പ്രധാന സ്ട്രൈക്കറുമായ ദിമിത്രിയോസ് ഡയമെന്റക്കൊസ് ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഡ്യൂറന്റ് കപ്പിനിടെ പരിക്കേറ്റു ഗ്രീസിലേക്ക് മടങ്ങിയ താരം കഴിഞ്ഞ ദിവസം ദുബായിൽ പ്രീ സീസൺ മത്സരം കളിക്കാനെത്തിയ ടീമിനൊപ്പമാണ് ചേർന്നിരിക്കുന്നത്.
ദിമിത്രിയോസിന്റെ പരിക്ക് പൂർണമായും ഭേദമായിട്ടില്ലെങ്കിലും ആദ്യമത്സരത്തിനു മുൻപ് താരം ടീമിനൊപ്പം ചേർന്നത് പരിക്കിൽ നിന്നും അപ്പോഴേക്കും മുക്തനാവാനുള്ള സാധ്യതയുണ്ടെന്ന സൂചനകൾ നൽകുന്നു. അത് സംഭവിച്ചാൽ ആദ്യത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ടീമിന് കൂടുതൽ കരുത്തുണ്ടാകും. റിക്കവറി സെഷനുകൾക്ക് ശേഷം അധികം വൈകാതെ തന്നെ ദിമിത്രിയോസ് പരിശീലനം ആരംഭിക്കും. കഴിഞ്ഞ സീസണിൽ ലീഗിൽ പത്ത് ഗോളുകൾ നേടിയ താരമാണ് ദിമിത്രിയോസ്.
🚨🥈 Dimitrios Diamantakos joined Kerala Blasters squad in UAE 🇦🇪✔️ @Anas_2601 #KBFC pic.twitter.com/fQDQuQyIAA
— KBFC XTRA (@kbfcxtra) September 14, 2023
ദിമിത്രിയോസിനു പുറമെ മറ്റു പല താരങ്ങളും ക്യാംപിൽ ചേർന്നിട്ടുണ്ട്. മലയാളി താരം കെപി രാഹുലാണ് ടീമിനൊപ്പം ചേർന്ന മറ്റൊരു കളിക്കാരൻ. അതിനു പുറമെ കിങ്സ് കപ്പിലും അണ്ടർ 23 ഏഷ്യ കപ്പിലും ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന മധ്യനിര താരം ജീക്സൺ സിങ്, സെന്റർ ബാക്ക് ഹോർമിപാം, മലയാളി മധ്യനിര താരം വിബിൻ മോഹനൻ എന്നിവരും അവസാനത്തെ പ്രീ സീസൺ മത്സരത്തിനു മുൻപ് ദുബായിൽ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. പ്രതിരോധതാരം ലെസ്കോവിച്ചിന്റെ പരിക്ക് മാത്രമാണ് ടീമിന് ആശങ്കയായി നിൽക്കുന്നത്.
🚨🥈 Leskovic not attended today's training session ❌ @Anas_2601 #KBFC pic.twitter.com/4P7LxkHWpo
— KBFC XTRA (@kbfcxtra) September 14, 2023
ആദ്യത്തെ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വമ്പൻ തോൽവി ഏറ്റു വാങ്ങിയെങ്കിലും കഴിഞ്ഞ സീസണിൽ കരുത്തരായ ഷാർജാ എഫ്സിക്കെതിരെ വിജയം നേടാൻ കഴിഞ്ഞത് ടീമിന് പ്രതീക്ഷ നൽകുന്ന കാര്യമാണ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് വിജയിച്ച മത്സരത്തിൽ പുതിയതായി ടീമിലെത്തിയ വിദേശതാരങ്ങളായ സകായ്, പെപ്ര എന്നിവർ ഗോളുകൾ നേടിയിരുന്നു. ഇവർ ടീമുമായി ഒത്തിണക്കം കാണിച്ചു തുടങ്ങിയെന്ന് ഇതിൽ നിന്നും വ്യക്തമാണ്.
എല്ലാ താരങ്ങളും എത്തിയതോടെ സുസജ്ജമായാണ് ബ്ലാസ്റ്റേഴ്സ് ആദ്യത്തെ മത്സരത്തിനായി ഇറങ്ങുന്നത്. എന്നാൽ ട്രാൻസ്ഫർ മാർക്കറ്റിൽ കൃത്യമായ ഇടപെടൽ നടത്താൻ ക്ലബിന് കഴിഞ്ഞിട്ടില്ലെന്നത് പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്ക ആരാധകർക്കുണ്ട്. എന്തായാലും ആദ്യത്തെ മത്സരത്തിൽ മഞ്ഞക്കടൽ ആർത്തിരമ്പുമെന്ന കാര്യത്തിൽ സംശയമില്ല. മത്സരത്തിനുള്ള ടിക്കറ്റുകൾ മുഴുവൻ വിറ്റു പോയതായി ബ്ലാസ്റ്റേഴ്സ് ഇന്നലെ അറിയിച്ചിരുന്നു.
Many Players Joined Kerala Blasters Camp In UAE