എംബാപ്പയെ പുറത്തിരുത്തിയാൽ പണി കിട്ടും, കരാർ റദ്ദാക്കാൻ പിഎസ്‌ജി ഒരുങ്ങുന്നു | Mbappe

പാലൂട്ടി വളർത്തിയ താരമായ എംബാപ്പയിൽ നിന്നും കിട്ടിയ എട്ടിന്റെ പണിയിൽ തരിച്ചിരിക്കുകയാണ് ഫ്രഞ്ച് ക്ലബായ പിഎസ്‌ജി. അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന താരം ഇനിയത് പുതുക്കാനില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. 2025 വരെ ക്ലബിനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നൽകിയ താരമാണ് ഇപ്പോൾ അതിൽ നിന്നും പിൻമാറിയിരിക്കുന്നത്. പിഎസ്‌ജിയെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു ഫ്രഞ്ച് താരത്തിന്റെ ഈയൊരു നിലപാട്.

എംബാപ്പെ കരാർ പുതുക്കുന്നില്ലെന്ന് തീരുമാനിച്ചതോടെ ഈ സമ്മറിൽ തന്നെ ക്ലബ് വിടാനുള്ള സമ്മർദ്ദതന്ത്രം താരത്തിന് മേൽ പിഎസ്‌ജി ചെലുത്തി തുടങ്ങിയിരുന്നു. ഒന്നുകിൽ കരാർ പുതുക്കുക, അല്ലെങ്കിൽ ക്ലബ് വിടുകയെന്നാണ് പിഎസ്‌ജി മുന്നോട്ടു വെച്ച ആവശ്യങ്ങൾ. കരാർ പുതുക്കാതെ ക്ലബിൽ തന്നെ തുടർന്നാൽ താരത്തെ സ്ഥിരമായി ബെഞ്ചിലിരുത്തുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് തിരിയുമെന്നും പിഎസ്‌ജി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം എംബാപ്പയെ പുറത്തിരുത്താൻ കഴിയില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. സെപ്‌തംബർ ഒന്നിന് ശേഷവും തന്നെ ടീമിൽ നിന്നും ഒഴിവാക്കി നിർത്തുകയാണെങ്കിലും അതിന്റെ പേരിൽ ക്ലബിനെതിരെ പരാതി നൽകാൻ എംബാപ്പെക്ക് കഴിയും. അങ്ങിനെ പരാതി നൽകുന്നത് പിഎസ്‌ജിക്ക് വലിയ തിരിച്ചടി നൽകുമെന്നതിനാൽ താരത്തിന്റെ കരാർ റദ്ദാക്കുന്നത് അടക്കമുള്ള നടപടിയിലേക്ക് നീങ്ങാനാണ് ഫ്രഞ്ച് ക്ലബ് ഇപ്പോൾ ആലോചിക്കുന്നത്.

പിഎസ്‌ജിയെ സംബന്ധിച്ച് എംബാപ്പയുടെ നിലപാടുകൾ വളരെയധികം സങ്കീർണമായ അവസ്ഥയിലേക്ക് ക്ലബ്ബിനെ എത്തിച്ചിട്ടുണ്ട്. ഈ സീസൺ മുഴുവൻ താരത്തെ നിലനിർത്തേണ്ടി വന്നാൽ പുതിയ താരങ്ങളെ ടീമിലേക്ക് എത്തിക്കാൻ അവർക്ക് ബുദ്ധിമുട്ടാകും. കാരണം എംബാപ്പയുടെ ഉയർന്ന പ്രതിഫലം കാരണം വേതനബിൽ ക്രമീകരിക്കാൻ അവർക്ക് ബുദ്ധിമുട്ടാകും. താരം ക്ലബിൽ തുടർന്നാൽ ലോയൽറ്റി ബോണസ് അടക്കമുള്ളവയും നൽകേണ്ടി വരും.

Mbappe Can Sue PSG If He Excluded From Team