ലോകത്തിലെ ഏറ്റവും വരുമാനമുള്ള ഫുട്ബോൾ താരങ്ങൾ: മെസിക്കും റൊണാൾഡോക്കും ആദ്യസ്ഥാനം നഷ്ടമായി, ഹാലൻഡ് ആറാമത്
ലോകത്തിലെ ഏറ്റവും വരുമാനമുള്ള ഫുട്ബോൾ താരങ്ങളുടെ പട്ടിക ഫോർബ്സ് പുറത്തു വിട്ടപ്പോൾ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ പിന്തള്ളി പിഎസ്ജി താരം കിലിയൻ എംബാപ്പെ ഒന്നാം സ്ഥാനത്ത്. 2014 മുതൽ ഈ പട്ടികയിൽ ലയണൽ മെസിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ മാത്രമാണ് ആദ്യ സ്ഥാനങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ പിഎസ്ജിയുമായി ഇക്കഴിഞ്ഞ സമ്മറിൽ കരാർ പുതുക്കിയതും സ്പോൺസർഷിപ്പ് ഡീലുകളും എംബാപ്പയെ ഒന്നാം സ്ഥാനത്ത് എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ജൂണിൽ പിഎസ്ജി കരാർ അവസാനിച്ച കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഫ്രഞ്ച് ക്ലബുമായി മൂന്നു വർഷത്തേക്ക് കരാർ പുതുക്കിയ താരം നിലവിൽ ലോകത്തു തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ പിഎസ്ജിയിൽ നിന്നും താരത്തിനു ലഭിക്കുന്ന പ്രതിഫലം എത്രയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. നേരത്തെ ക്ലബിൽ ഏറ്റവും പ്രതിഫലം വാങ്ങിയിരുന്ന ലയണൽ മെസി, നെയ്മർ എന്നിവരെ പുതിയ കരാറിലൂടെ എംബാപ്പെ മറികടന്നുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ക്ലബിൽ നിന്നും ലഭിക്കുന്ന പ്രതിഫലം മാത്രമല്ല, മറ്റു വഴികളിലൂടെ വരുന്ന വരുമാനവും ഫോർബ്സ് കണക്കുകൂട്ടുന്നുണ്ട്. ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളും ഭാവിയുടെ സൂപ്പർതാരവുമാണ് എന്നതിനാൽ തന്നെ എംബാപ്പെക്ക് സ്പോൺസർ ഡീലുകൾ ഒട്ടും കുറവല്ല. ഇതിനു പുറമെ തന്റെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയും താരം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സീബ്രാ വാലി എന്നാണു ഫ്രഞ്ച് താരത്തിന്റെ പ്രൊഡക്ഷൻ കമ്പനിയുടെ പേര്.
The Messi-Ronaldo era is over.
— Sports Brief (@sportsbriefcom) October 7, 2022
There is a new king in world football!
This is the first time a player other than Messi or Ronaldo has topped the list in eight years.https://t.co/D8NvYOFXcZ
ഫോബ്സിന്റെ റിപ്പോർട്ടുകൾ പ്രകാരം 130.9 മില്യൺ യൂറോയാണ് എംബാപ്പെയുടെ വരുമാനം. രണ്ടാം സ്ഥാനത്തുള്ളത് പിഎസ്ജി സഹതാരമായ ലയണൽ മെസിയാണ്. 122.7 മില്യൺ യൂറോയാണ് മെസിയുടെ വരുമാനം. മൂന്നാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 102.3 മില്യൺ യൂറോ ലഭിക്കുമ്പോൾ നാലാം സ്ഥാനത്തുള്ള നെയ്മർ 88.9 മില്യൺ യൂറോയാണ് നേടുന്നത്. 54 മില്യൺ യൂറോ വരുമാനമുള്ള ലിവർപൂൾ സൂപ്പർതാരം സാഡിയോ മാനെയാണ് അഞ്ചാം സ്ഥാനത്ത്.
അതേസമയം ഈ സീസണിൽ യൂറോപ്യൻ ഫുട്ബോളിൽ തരംഗം സൃഷ്ടിക്കുന്ന എർലിങ് ബ്രൂട്ട് ഹാലാൻഡ് ഈ പട്ടികയിൽ ആറാം സ്ഥാനത്താണെന്നതാണ് വിചിത്രമായ കാര്യം. വെറും 39.9 മില്യൺ യൂറോയാണ് നോർവേ താരത്തിന്റെ വരുമാനം. 35.8 മില്യൺ നേടുന്ന ലെവൻഡോസ്കി ഏഴാം സ്ഥാനത്തും 31.7 മില്യൺ വാങ്ങുന്ന ഹസാർഡ് എട്ടാമതും നിൽക്കുന്നു. യൂറോപ്യൻ ഫുട്ബോൾ വിട്ട് ജാപ്പനീസ് ക്ലബായ വീസൽ കൊബെയിൽ കളിക്കുന്ന ഇനിയേസ്റ്റ ആദ്യ പത്തിലുണ്ട്. 30.7 മില്യനാണ് സ്പാനിഷ് ഇതിഹാസം നേടുന്നത്. പത്താം സ്ഥാനത്തുള്ള കെവിൻ ഡി ബ്രൂയ്ൻ 29.7 മില്യൺ യൂറോ നേടുന്നു.