കോമാൻ വീണ്ടും പിഎസ്‌ജിയെ വീഴ്ത്തി, ക്ഷമാപണം നടത്തി മെസിയും നെയ്‌മറും

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ രാത്രി നടന്ന വമ്പൻ പോരാട്ടത്തിൽ സ്വന്തം മൈതാനത്ത് പിഎസ്‌ജിയോട് തോൽവി വഴങ്ങി ബയേൺ മ്യൂണിക്ക്. ഏകപക്ഷീയമായ ഒരു ഗോളിനാണ് മത്സരത്തിൽ ബയേൺ വിജയം നേടിയത്. ഫ്രഞ്ച് താരമായ കിങ്‌സ്‌ലി കോമാൻ ടീമിനായി വിജയഗോൾ നേടി. ഇതിനു മുൻപ് രണ്ടു ടീമുകളും ഏറ്റുമുട്ടിയത് 2020 ചാമ്പ്യൻസ് ലീഗ് ഫൈനലിലായിരുന്നു. അന്നും പിഎസ്‌ജിക്കെതിരെ ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചത് കോമാൻ തന്നെയായിരുന്നു.

പിഎസ്‌ജിയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന പ്രകടനമാണ് അവർ മത്സരത്തിൽ കാഴ്‌ച വെച്ചത്. രണ്ടാം പകുതിയിൽ എംബാപ്പെ കളിക്കളത്തിൽ ഇറങ്ങിയതിനു ശേഷമാണ് പിഎസ്‌ജി കുറച്ചെങ്കിലും ഉണർന്നു കളിച്ചത്. അമ്പത്തിമൂന്നാം മിനുട്ടിൽ ഗോൾകീപ്പർ ഡോണറുമ്മ വരുത്തിയ പിഴവിൽ നിന്നുമാണ് കോമാൻ ബയേണിന്റെ ഗോൾ നേടിയതോടെ അടുത്ത മത്സരത്തിൽ രണ്ടു ഗോൾ മാർജിനിൽ വിജയിച്ചാൽ പിഎസ്‌ജിക്ക് ചാമ്പ്യൻസ് ലീഗിൽ മുന്നേറാൻ കഴിയൂവെന്ന അവസ്ഥയാണുള്ളത്.

മത്സരത്തിൽ തങ്ങൾ മോശം പ്രകടനമാണ് നടത്തിയതെന്ന കാര്യത്തിൽ പിഎസ്‌ജി ടീമംഗങ്ങൾക്കും കൃത്യമായ ധാരണ ഉണ്ടായിരുന്നു. മത്സരത്തിന് ശേഷം ലയണൽ മെസിയും നെയ്‌മറും അടക്കമുള്ള താരങ്ങൾ പിഎസ്‌ജി അൾട്രാസിന്റെ അടുത്തേക്ക് പോവുകയുണ്ടായി. അതിനു ശേഷം മോശം പ്രകടനത്തിന് താരങ്ങൾ ക്ഷമാപണം നടത്തുകയും മത്സരത്തിലുടനീളം നൽകിയ പിന്തുണയ്ക്ക് നന്ദി പറയുകയും ചെയ്‌തു. ടീം മോശം പ്രകടനം നടത്തിയെങ്കിലും മികച്ച പിന്തുണ ആരാധകർ നൽകിയിരുന്നു.

മത്സരത്തിൽ എംബാപ്പെ രണ്ടു തവണ വല കുലുക്കിയെങ്കിലും രണ്ടു ഗോളുകളും റഫറി നിഷേധിച്ചു. മത്സരം തോറ്റതിന്റെ നിരാശയിൽ നിൽക്കുന്ന പിഎസ്‌ജിക്ക് ആശ്വസിക്കാനുള്ളത് നിഷേധിക്കപ്പെട്ട ഈ ഗോളുകൾ മാത്രമാണ്. അടുത്ത മത്സരത്തിൽ മികച്ച പ്രകടനം നടത്തി തിരിച്ചു വരാൻ കഴിയുമെന്ന പ്രതീക്‌ഷ അത് നൽകുന്നുണ്ട്. എന്നാൽ ഈ വർഷം തുടങ്ങിയതിനു ശേഷം അഞ്ചു മത്സരങ്ങൾ തോറ്റ പിഎസ്‌ജിയുടെ ഫോം ആരാധകർക്ക് ആശങ്ക തന്നെയാണ്.