അന്നു ഡേവീസിന്റെ ആഗ്രഹത്തിനു നേരെ മുഖം തിരിച്ചതിന് ഇന്നലെ പ്രായശ്ചിത്തം ചെയ്‌ത്‌ ലയണൽ മെസി

ബാഴ്‌സലോണ ആരാധകർ ഒരിക്കലും മറക്കാത്തതാണ് 2020ലെ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോടേറ്റ തോൽവി. കോവിഡ് മഹാമാരി പടർന്നു പിടിച്ച സമയത്ത് ഒരു പാദമായി നടത്തിയ മത്സരത്തിൽ രണ്ടിനെതിരെ എട്ടു ഗോളുകൾക്കാണ് ബാഴ്‌സലോണ തോൽവിയേറ്റു വാങ്ങിയത്. ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരത്തിൽ ബാഴ്‌സലോണ വഴങ്ങുന്ന ഏറ്റവും വലിയ തോൽവി കൂടിയായിരുന്നു അത്. പിന്നാലെ തന്നെ പരിശീലകൻ സെറ്റിയനെ പുറത്താക്കുകയും ചെയ്‌തു.

അന്നത്തെ മത്സരത്തിലുണ്ടായ മറ്റൊരു സംഭവം കൂടി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ബയേൺ മ്യൂണിക്കിനായി തകർപ്പൻ പ്രകടനം നടത്തിയ കനേഡിയൻ താരം അൽഫോൺസോ ഡേവീസ് ബാഴ്‌സലോണ സൂപ്പർതാരം ലയണൽ മെസിയോട് ജേഴ്‌സി ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ മെസി തയ്യാറായില്ല. മത്സരത്തിൽ കനത്ത തോൽവി വഴങ്ങിയതിന്റെ നിരാശ കൊണ്ടാണ് മെസി ജേഴ്‌സി നൽകാൻ തയ്യാറാവാതിരുന്നത്. ഡേവീസ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

ആ സംഭവം നടന്ന രണ്ടര വർഷത്തിലധികമായെങ്കിലും അക്കാര്യം ലയണൽ മെസി മറന്നിട്ടില്ലെന്നാണ് ഇന്നലത്തെ മത്സരത്തിന് ശേഷമുണ്ടായ താരത്തിന്റെ പ്രവൃത്തി വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം പാർക് ഡി പ്രിൻസസിൽ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യപാദ മത്സരം കഴിഞ്ഞതിനു ശേഷം മെസി ആദ്യം ചെയ്‌തത്‌ അൽഫോൻസോ ഡേവീസിനരികിൽ പോയി തന്റെ ജേഴ്‌സി ഊരി നൽകുക എന്നതായിരുന്നു. അന്ന് നിഷേധിച്ചതിന് പ്രായശ്ചിത്തം എന്ന രീതിയിലാണ് മെസിയത് ചെയ്‌തത്‌.

ലയണൽ മെസിയുടെ കടുത്ത ആരാധകനായിരുന്ന അൽഫോൻസോ ഡേവീസിനെ സംബന്ധിച്ച് ജേഴ്‌സി ലഭിച്ചത് സ്വപ്‌നസാക്ഷാത്കാരം തന്നെയായിരിക്കും. ഇന്നലെ നടന്ന മത്സരത്തിൽ പിഎസ്‌ജി തോൽവി വഴങ്ങിയപ്പോൾ അതിനു ഡേവീസും കാരണക്കാരനായിരുന്നു. മത്സരത്തിൽ കോമാൻ നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് ഡേവീസ് ആയിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരനായാണ് താരം ഇറങ്ങിയത്.