മെസിയും പിഎസ്‌ജി താരവും തമ്മിൽ പരിശീലനത്തിനിടെ വാക്കേറ്റം

ഈ സീസണിന്റെ തുടക്കത്തിൽ മികച്ച ഫോമിലായിരുന്നു പിഎസ്‌ജി കളിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ നിറം മങ്ങിപ്പോയ ലയണൽ മെസിക്കൊപ്പം നെയ്‌മറും എംബാപ്പയും ഫോമിലേക്കുയർന്നപ്പോൾ ഈ സീസണിൽ ചാമ്പ്യൻസ് ലീഗടക്കം എല്ലാ കിരീടങ്ങളും പിഎസ്‌ജി നേടാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാൽ ഖത്തർ ലോകകപ്പിന് ശേഷം പിഎസ്‌ജിയുടെ ഫോം താഴോട്ടാണ്. ചാമ്പ്യൻസ് ലീഗ് പോയിട്ട് ലീഗ് പോലും ക്ലബ് നേടുന്നതിനുള്ള സാധ്യത നേർത്തു വരുന്നു.

മോശം ഫോമിനൊപ്പം ക്ലബിലെ താരങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങളും പാരീസിയൻ ക്ലബിന് തലവേദനയാണ്. മൊണോക്കോയുമായി നടന്ന ലീഗ് മത്സരത്തിന് ശേഷം ബ്രസീലിയൻ താരമായ നെയ്‌മർ ടീമിലെ സഹതാരങ്ങളുമായും ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്ററുമായി കയർത്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ടീം മികച്ച രീതിയിൽ മുന്നോട്ടു പോകാൻ താരങ്ങൾ തമ്മിൽ ഇതുപോലെയുള്ള ചർച്ചകൾ ഉണ്ടാകുമെന്നാണ് നെയ്‌മർ ഇതേക്കുറിച്ച് വിശദീകരിച്ചത്.

അതിനിടയിൽ കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിടെ ലയണൽ മെസിയും പിഎസ്‌ജിയിലെ യുവതാരവുമായ വിറ്റിന്യയും തമ്മിൽ വാക്കേറ്റമുണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. പരിശീലനത്തിടെ ലയണൽ മെസിയെ പോർച്ചുഗൽ താരം ഫൗൾ ചെയ്‌തിരുന്നു. ട്രൈനിങ്ങിൽ കടുത്ത ഫൗൾ നടത്തിയ താരത്തോടുള്ള അതൃപ്‌തിയാണ് മെസി പ്രകടിപ്പിച്ചത്. മൊണോക്കോയുമായുള്ള മത്സരത്തിന് ശേഷം നെയ്‌മർ കയർത്ത താരവും വിറ്റിന്യയായിരുന്നു.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് വിറ്റിന്യ ഫ്രഞ്ച് ക്ലബ്ബിലേക്ക് വരുന്നത്. മധ്യനിരയിൽ കളിക്കുന്ന താരത്തിന്റെ പ്രകടനത്തിൽ ഫ്രഞ്ച് ക്ലബ് അധികൃതർ പൂർണമായും തൃപ്‌തരല്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം അടുത്ത മത്സരത്തിൽ മാഴ്‌സയെയാണ് പിഎസ്‌ജി നേരിടുന്നത്. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ടീമിനെതിരെ കടുത്ത പോരാട്ടമാണ് പിഎസ്‌ജിയെ കാത്തിരിക്കുന്നത്. മത്സരത്തിൽ തോൽവി നേരിട്ടാൽ പിഎസ്‌ജിയുടെ ലീഗ് രണ്ടു പോയിന്റായി കുറയും.