ലോകകിരീടം മാത്രമല്ല, മെസി ലക്ഷ്യമിടുന്നത് ആറു വമ്പൻ റെക്കോർഡുകളും

ഫ്രാൻസും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് ഫൈനലിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ലയണൽ മെസി കിരീടം ഉയർത്തുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. കരിയറിൽ ഒട്ടനവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ലയണൽ മെസിയെ സംബന്ധിച്ച് ആദ്യമായി ലോകകപ്പ് നേടാനുള്ള അവസരമാണ് ഇന്ന് നടക്കുന്ന ഫൈനൽ പോരാട്ടം. ഇതോടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന സ്ഥാനത്ത് തന്റെ പേര് യാതൊരു സംശയത്തിനും ഇടയില്ലാത്ത തന്നെ എഴുതി വെക്കാൻ താരത്തിനാവും. ഇതിനൊപ്പം ഇന്നത്തെ മത്സരത്തിൽ ആറു പുതിയ റെക്കോർഡുകൾ കൂടി മെസിക്ക് സ്ഥാപിക്കാനുള്ള അവസരവുമുണ്ട്.

ഫ്രാൻസിനെതിരെ വിജയിച്ചാൽ ഏറ്റവുമധികം ലോകകപ്പ് വിജയങ്ങൾ നേടിയ താരമെന്ന റെക്കോർഡിനൊപ്പം എത്താൻ ലയണൽ മെസിക്ക് കഴിയും. നിലവിൽ പതിനാറു ലോകകപ്പ് മത്സരങ്ങളിൽ വിജയിച്ച മെസിക്ക് മുന്നിൽ 17 വിജയങ്ങളുള്ള ജർമൻ താരം മിറോസ്ലാവ് ക്ളോസെ മാത്രമാണുള്ളത്. ഇതിനു പുറമെ ലോകകപ്പിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന ജർമൻ ഇതിഹാസ താരം ലോതർ മാത്തേവൂസിന്റെ റെക്കോർഡ് ഇന്നത്തെ മത്സരത്തിനിറങ്ങുമ്പോൾ മെസി മറികടക്കും. രണ്ടു താരങ്ങളും നിലവിൽ 25 മത്സരങ്ങൾ ലോകകപ്പിൽ കളിച്ചിട്ടുണ്ട്.

ലോകകപ്പിൽ ഏറ്റവുമധികം മിനുട്ടുകൾ കളിച്ച താരമെന്ന റെക്കോർഡാണ് മെസി ഇന്ന് മറികടക്കാൻ പോകുന്നത്. 2217 മിനുട്ടുകൾ കളിച്ച പൗളോ മാൾദിനിയുടെ പേരിലാണ് നിലവിൽ ഈ റെക്കോർഡുള്ളത്. 2194 മിനുട്ടുകൾ ലോകകപ്പിൽ കളിച്ച മെസിക്ക് ഈ റെക്കോർഡ് മറികടക്കാൻ ഇന്നു വെറും 23 മിനുട്ടുകൾ കളത്തിലുണ്ടായാൽ മതി. ഇന്നത്തെ മത്സരത്തിൽ ഒരു അസിസ്റ്റ് സ്വന്തമാക്കിയാൽ ലോകകപ്പിൽ ഏറ്റവുമധികം അസിസ്റ്റുകൾ നേടിയ താരമെന്ന പെലെയുടെ റെക്കോർഡിനൊപ്പമെത്താം. നിലവിൽ മെസിക്ക് ഒൻപതും പെലെക്ക് പത്തും അസിസ്റ്റാണുള്ളത്.

ഇത്തവണ ലോകകപ്പിൽ ഗോൾഡൻ ബോൾ സ്വന്തമാക്കാൻ സാധ്യതയുള്ള താരങ്ങളിൽ ലയണൽ മെസിയുമുണ്ട്. ലോകകപ്പിൽ മികച്ച പ്രകടനം നടത്തുന്ന താരത്തിനാണ് ഗോൾഡൻ ബോൾ നൽകുക. 2014ൽ ഈ അവാർഡ് സ്വന്തമാക്കിയ മെസി ഈ ലോകകപ്പിലും അത് നേടിയാൽ രണ്ടു തവണ ഗോൾഡൻ ബോൾ നേടുന്ന ആദ്യത്തെ താരമാകും. അഞ്ചു ഗോളും മൂന്ന് അസിസ്റ്റും ലോകകപ്പിൽ നേടിയ മെസിക്ക് ഗോൾഡൻ ബൂട്ടും നേടാനുള്ള സാധ്യതയുണ്ട്. ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും സ്വന്തമാക്കിയാൽ ലോകകപ്പിൽ ഈ രണ്ടു നേട്ടങ്ങളും സ്വന്തമാക്കുന്ന ഏഴാമത്തെ താരമായി മെസി മാറും.