
പിഎസ്ജിയുമായുള്ള ചർച്ചകൾ വിജയിച്ചില്ല, മെസിയുടെ പിതാവ് ബാഴ്സലോണയിൽ
ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് സജീവമായി ഉയർന്നു കൊണ്ടിരിക്കുന്നത്. ലോകകപ്പിന് ശേഷം താരം ഫ്രഞ്ച് ക്ലബുമായി കരാർ പുതുക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായി ഉണ്ടായിരുന്നെങ്കിലും ഇതുവരെയും അതിൽ തീരുമാനമൊന്നും ആയിട്ടില്ല. അതിനിടയിൽ ഫ്രാൻസിൽ തുടരാനുള്ള താൽപര്യം അർജന്റീന താരത്തിനില്ലെന്നും ഈ സീസണ് ശേഷം മെസി പിഎസ്ജി വിടുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതിനിടയിൽ പിഎസ്ജിയുമായി കരാർ ചർച്ചകൾ നടത്തിയിരുന്ന ലയണൽ മെസിയുടെ പിതാവായ യോർഹെ മെസി ബാഴ്സലോണയിൽ എത്തിയെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. മെസിയുടെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് പിഎസ്ജിയുമായി അദ്ദേഹം നടത്തിയ ചർച്ചകൾ വിജയം കണ്ടില്ലെന്നാണ് ഫ്രഞ്ച് മാധ്യമം എൽ എക്വിപ്പെ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ബാഴ്സലോണയുമായി ചർച്ചകൾക്കല്ല യോർഹെ മെസി സ്പെയിനിൽ വന്നിരിക്കുന്നത്.

പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ധാരണയാകാത്തതാണ് കരാർ ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന റിപ്പോർട്ടുകളുണ്ട്. ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ മെസി പ്രതിഫലം കുറക്കണമെന്ന ആവശ്യമാണ് പിഎസ്ജി നേതൃത്വത്തിനുള്ളത്. എന്നാൽ ലോകകപ്പ് കിരീടം നേടി കരിയറിലെ തന്നെ ഏറ്റവും ഔന്നത്യത്തിൽ നിൽക്കുന്ന സമയത്ത് മെസി അതിനു തയ്യാറാകാൻ സാധ്യതയില്ല.
— All About Argentina
Jorge Messi after the meeting with PSG has traveled to Barcelona, he arrived a few minutes ago at El Prat airport.
@gerardromero
pic.twitter.com/Wl1XVtv4t7
(@AlbicelesteTalk) February 15, 2023
അതിനു പുറമെ ലയണൽ മെസി പാരീസിൽ താമസിക്കുന്ന മാൻഷൻ ഇതുവരെയും പുതുക്കിയിട്ടില്ലെന്നും ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് താരം ക്ലബ് വിടാനുള്ള സാധ്യത വർധിപ്പിക്കുന്നു. അതേസമയം പിഎസ്ജിയുമായുള്ള ചർച്ചകളെ കുറിച്ചും ലയണൽ മെസിയുടെ ഭാവിയെക്കുറിച്ചും പിതാവ് സംസാരിച്ചില്ല. താരം അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറാനാണ് കൂടുതൽ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.