അർജന്റീന ഇതിഹാസങ്ങൾ വീണ്ടും കളത്തിലിറങ്ങി, ഹാട്രിക്കുമായി ലയണൽ മെസി | Messi

അർജന്റീന താരമായ മാക്‌സി റോഡ്രിഗസിന്റെ ഫെയർവെൽ മത്സരത്തിനായിറങ്ങി ആദ്യപകുതിയിൽ തന്നെ ഹാട്രിക്ക് നേട്ടവുമായി ലയണൽ മെസി. തന്റെ മുപ്പത്തിയാറാം പിറന്നാൾ ദിവസമാണ് ലയണൽ മെസി മാക്‌സി റോഡ്രിഗസിന്റെ ഫെയർവെൽ മത്സരത്തിനിറങ്ങിയത്. നാല്പത്തിനായിരത്തിലധികം പേരാണ് മത്സരം കാണാനും മെസിക്കു വേണ്ടി ആർപ്പുവിളിക്കാനും ഉണ്ടായിരുന്നത്.

ആരാധകർ മെസിക്ക് ജന്മദിനാശംസകൾ നേർന്നതിനു ശേഷം ആരംഭിച്ച മത്സരത്തിൽ നാലാം മിനുട്ടിൽ തന്നെ മനോഹരമായൊരു ഫ്രീ കിക്കിലൂടെ മെസി അർജന്റീന ടീമിനെ മുന്നിലെത്തിച്ചു. അതിനു ശേഷം ഗോൾകീപ്പറുടെ തലക്കു മുകളിലൂടെ ചിപ്പ് ചെയ്‌ത്‌ മറ്റൊരു ഗോൾ നേടിയ മെസി പരഡെസിന്റെ പാസ് സ്വീകരിച്ചതിനു ശേഷം മറ്റൊരു ഗോൾ കൂടി നേടി ഹാട്രിക്ക് തികച്ചു.

തന്റെ ജന്മദേശമായ റൊസാരിയോയിൽ ഒരുപാട് കാലത്തിനു ശേഷമാണ് പിറന്നാൾ ആഘോഷിക്കുന്നതെന്നു പറഞ്ഞ മെസി ലോകകപ്പിൽ അർജന്റീന ആരാധകർ നൽകിയ പിന്തുണയ്ക്ക് നന്ദി പറയുകയുണ്ടായി. അർജന്റീന ടീമിനൊപ്പം ലോകകപ്പ് നേടിയതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ താരം ദേശീയ ടീമിനായി കിരീടം നേടിയില്ലെങ്കിലും എല്ലാം നൽകിയ നിരവധി താരങ്ങളെപ്പറ്റിയും ഓർമിപ്പിച്ചു.

നാല്പത്തിരണ്ടാം വയസിലാണ് മാക്‌സി റോഡ്രിഗസ് ഫുട്ബോൾ കരിയറിന് അവസാനം കുറിക്കുന്നത്. യൂറോപ്പിൽ എസ്പാന്യോൾ, അത്ലറ്റികോ മാഡ്രിഡ്, ലിവർപൂൾ എന്നീ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള റോഡ്രിഗസ് 2019 മുതൽ നെവേൽസ് ഓൾഡ് ബോയ്‌സിന്റെ താരമാണ്. അർജന്റീനക്കായി 57 മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്. മുൻ താരമായ സോറിൻ അടക്കമുള്ളവർ മത്സരത്തിനുണ്ടായിരുന്നു.

Messi Hattrick In Maxi Rodriguez Farewell Match