മെസി പരിക്കിന്റെ പിടിയിലോ, പരിശീലനം നടത്താത്ത അർജന്റീന നായകൻ

ഖത്തർ ലോകകപ്പ് ഫൈനലിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ലയണൽ മെസിയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന വാർത്തകൾ. മെസി കഴിഞ്ഞ ദിവസം അർജന്റീന ടീമിനൊപ്പം പരിശീലനം നടത്താതിരുന്നത് താരം ഫൈനലിൽ കളിക്കാനുണ്ടാകില്ലേ എന്ന കാര്യത്തിൽ സംശയങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഖത്തർ ലോകകപ്പിന്റെ പല ഘട്ടങ്ങളിലും മെസി പരിക്കിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്നതും ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.

ക്രൊയേഷ്യക്കെതിരായ സെമി ഫൈനൽ മത്സരത്തിൽ ലയണൽ മെസി മൈതാനത്ത് കാണിച്ചിരുന്ന പ്രവൃത്തി ആരാധകരിൽ പലരും ശ്രദ്ധിച്ചാണ്. പല സമയത്തും തന്റെ തുടയുടെ പിൻഭാഗത്ത് അമർത്തിപ്പിടിച്ച് ഓടാതെ നിൽക്കുന്ന മെസിയെ കണ്ടു. ഇതേതുടർന്ന് മെസിക്ക് ഹാംസ്ട്രിങ് ഇഞ്ചുറി പറ്റിയെന്ന അഭ്യൂഹങ്ങൾ  ഉണ്ടായിരുന്നു. ഇതിനു പിന്നാലെ താരത്തിന് പരിശീലനവും നഷ്‌ടമായത് ഈ സംശയങ്ങൾക്ക് ബലം നൽകുന്നതാണ്.

കഴിഞ്ഞ ദിവസം അർജന്റീന ടീം പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങൾ എടുക്കാൻ ഫോട്ടോഗ്രാഫർമാർ പോയപ്പോൾ അവരാണ് മെസിയുടെ അസാന്നിധ്യം ശ്രദ്ധിച്ചത്. ഇതിനു മുൻപും ലയണൽ മെസി പരിശീലനത്തിൽ പങ്കെടുക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. താരത്തിന്റെ കാര്യത്തിൽ യാതൊരു സാഹസത്തിനും മുതിരാൻ അർജന്റീന ഇല്ലാത്തതിനാൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിന്റെ ഭാഗമായായിരുന്നു അത്. അതുപോലെ തന്നെയാവാം ഇന്നലത്തെ ട്രെയിനിങ് സെഷൻ താരത്തിനു നഷ്‌ടമായതെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

ഖത്തർ ലോകകപ്പിന് തൊട്ടു മുൻപ് പരിക്കേറ്റ മെസി ടൂർണമെന്റിന് ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെയാണ് അതിൽ നിന്നും തിരിച്ചു വന്നത്. ചെറിയ പരിക്കുണ്ടെങ്കിലും മെസി ഫൈനൽ കളിക്കുമെന്നുറപ്പാണ്. മെസിയെന്ന താരത്തിന് മൈതാനത്ത് അത്രയധികം സ്വാധീനം ചെലുത്താൻ കഴിയുകയും ചെയ്യും. ലയണൽ മെസിയുടെ കരിയറിലെ അവസാനത്തെ ലോകകപ്പ് മത്സരമാകാൻ സാധ്യതയുള്ളതാണ് ഈ ഫൈനൽ എന്നതിനാൽ താരം കളിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം.