ചിലർ വരുമ്പോൾ പുതിയ ചരിത്രങ്ങൾ നിർമിക്കപ്പെടും, ഇന്റർ മിയാമിയെ ആദ്യ ഫൈനലിലെത്തിച്ച് മെസി| Messi
പിഎസ്ജി വിട്ട ലയണൽ മെസി ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷമുള്ള ടീമിന്റെ പ്രകടനം അവിശ്വസനീയമായ കുതിപ്പിലാണ്. അതുവരെ വിജയങ്ങൾ നേടാൻ ബുദ്ധിമുട്ടുകയും തുടർച്ചയായ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്ന ഇന്റർ മിയാമി ലയണൽ മെസി എത്തിയതിനു ശേഷം കളിച്ച ആറു മത്സരങ്ങളിലും വിജയം നേടി. കഴിഞ്ഞ മത്സരത്തിൽ ഫിലാഡൽഫിയ യൂണിയനെതിരെ നേടിയ വിജയത്തോടെ ലീഗ്സ് കപ്പിന്റെ കലാശപ്പോരാട്ടത്തിലേക്കും ഇന്റർ മിയാമി മുന്നേറുകയുണ്ടായി.
ചരിത്രത്തിൽ ആദ്യമായാണ് ഇന്റർ മിയാമി ഒരു ടൂർണമെന്റിന്റെ ഫൈനൽ കളിക്കുന്നത്. ഏതാനും വർഷങ്ങൾക്കു മുൻപ് മാത്രം രൂപീകൃതമായ ഇന്റർ മിയാമി ഇതുവരെ അമേരിക്കയിൽ മോശം ഫോമിലായിരുന്നു കളിച്ചു കൊണ്ടിരുന്നത്. കാര്യമായ യാതൊരു മുന്നേറ്റവും ടൂർണമെന്റുകളിൽ ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ ലയണൽ മെസിയെന്ന അതികായനായ താരം എത്തിയതോടെ അമേരിക്കൻ ലീഗിലെ ഏറ്റവും മികച്ച ടീമായി അവർ മാറിയിട്ടുണ്ട്.
Inter Miami have qualified for the first Final in their HISTORY.
The Lionel Messi effect pic.twitter.com/kEQt2JKXu1
— MC (@CrewsMat10) August 16, 2023
ഇന്റർ മിയാമിയുടെ കുതിപ്പിന് ലയണൽ മെസിയോട് തന്നെയാണ് കടപ്പെട്ടിരിക്കേണ്ടത്. ഇന്റർ മിയാമിക്കായി ഇതുവരെ കളിച്ച മത്സരങ്ങളിലെല്ലാം ലയണൽ മെസി ഗോൾ നേടുകയുണ്ടായി. ആറ് മത്സരങ്ങളിൽ നിന്നും ഒൻപത് ഗോളും ഒരു അസിസ്റ്റുമാണ് ലയണൽ മെസി ഇതുവരെ അമേരിക്കൻ ക്ലബിനൊപ്പം സ്വന്തമാക്കിയത്. ഇതിലെ പല ഗോളുകളും ടീമിനെ വിജയത്തിലേക്കെത്തിച്ചത് കൂടിയായിരുന്നു. ആദ്യമായാണ് ഇന്റർ മിയാമി ആറു മത്സരങ്ങളിൽ തുടർച്ചയായി വിജയം നേടുന്നത്.
അനായാസമായി കളിക്കുന്ന ലയണൽ മെസി തന്റെ ആത്മവിശ്വാസം സഹതാരങ്ങൾക്ക് കൂടി പകർന്നു നൽകിയിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ലയണൽ മെസിക്കൊപ്പം കളിച്ചു തുടങ്ങിയതോടെ ഇന്റർ മിയാമിയിലെ ഓരോ താരങ്ങളും അവരുടെ ഏറ്റവും ഉയർന്ന നിലവാരം കാണിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്റർ മിയാമിയുടെ പ്രകടനത്തിലുണ്ടായ മാറ്റത്തിൽ നിന്നും അത് വ്യക്തമാണ്. ഇനി ക്ലബിന്റെ ചരിത്രത്തിൽ ആദ്യത്തെ കിരീടമാകും മെസിയുടെ മുന്നിലുള്ള ലക്ഷ്യം.
Messi Leads Inter Miami To Their First Ever Final