ഖത്തർ അമീറിന്റെ സ്നേഹസമ്മാനം എന്തു ചെയ്യുമെന്ന് തീരുമാനിച്ച് ലയണൽ മെസി

ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് കിരീടം നേടിയ അർജന്റീന ടീമിനായി കപ്പ് ഏറ്റുവാങ്ങാനെത്തിയ ലയണൽ മെസിക്ക് അത് നൽകുന്നതിനു മുൻപ് ഖത്തർ അമീർ പരമ്പരാഗത മേൽവസ്ത്രമായ ബിഷ്‌ത് അണിയിച്ചത് വാർത്തകളിൽ ഇടം പിടിച്ച കാര്യമാണ്. ബിഷ്‌ത് അണിയിച്ച തീരുമാനത്തിന് അനുകൂലമായും പ്രതികൂലമായും നിരവധിയാളുകൾ സംസാരിക്കുകയുണ്ടായി. അതൊരു ആദരവിന്റെ ഭാഗമായി അണിയിച്ചതാണെന്ന് വ്യക്തമായതോടെ വിവാദങ്ങൾ ഇല്ലാതാവുകയും ചെയ്‌തു.

കഴിഞ്ഞ ദിവസം അർജന്റീന ഫിഫ ലോകകപ്പ് ട്രോഫി ഉയർത്തിയപ്പോൾ താൻ ധരിച്ചിരുന്ന ഐക്കണിക് ഗോൾഡൻ ബിഷ്‌ത് എന്തു ചെയ്യുമെന്ന് അർജന്റീനിയൻ ക്യാപ്റ്റൻ ലയണൽ മെസ്സി വെളിപ്പെടുത്തി. അർജന്റീനിയിലെ ഓലെ മാഗസിന് നൽകിയ അഭിമുഖത്തിൽ, ലോകകപ്പ് ഫൈനലിൽ നിന്ന് എന്തൊക്കെ സാധനങ്ങൾ സൂക്ഷിച്ചുവെന്ന് മെസ്സിയോട് ചോദിച്ചപ്പോൾ “എല്ലാം” എന്നായിരുന്നു മറുപടി. “എല്ലാം എന്റെ കയ്യിലുണ്ട്- ബൂട്ടുകൾ, ടീ-ഷർട്ടുകൾ, കേപ്പ് (ബിഷ്‌ത്).” 35 കാരനായ ഫുട്ബോൾ താരം പറഞ്ഞു.

അർജന്റീന ഫുട്ബോൾ ഫെഡറേഷനിൽ (എഎഫ്‌എ) സൂക്ഷിച്ചിരിക്കുന്ന ലോകകപ്പ് സ്മരണികകളായ എല്ലാ വസ്തുക്കളും തന്റെ ബാഴ്‌സലോണയിലെ വീട്ടിലേക്ക് മാർച്ചിൽ കൊണ്ടുപോകുമെന്നും മെസ്സി വെളിപ്പെടുത്തി. അതിനൊപ്പം ബാഴ്‌സലോണയോടുള്ള തന്റെ സ്നേഹവും മെസി വെളിപ്പെടുത്തുകയുണ്ടായി. തന്റെ എല്ലാ ഓർമകളും ബാഴ്‌സലോണയിലാണെന്നും കരിയർ അവസാനിച്ചാൽ അവിടെ ജീവിക്കാനാണ് ആഗ്രഹമെന്നും താരം പറഞ്ഞിരുന്നു.

ഖത്തർ ലോകകപ്പിൽ മിന്നുന്ന പ്രകടനം നടത്തിയാണ് ലയണൽ മെസി കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ലയണൽ മെസി ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുമാണ് ടീമിനായി സ്വന്തമാക്കിയത്. ലോകകപ്പ് ടൂർണമെന്റിന്റെ ഗ്രൂപ്പ് മുതലുള്ള ഓരോ ഘട്ടത്തിലും ഗോളുകൾ നേടിയ താരമെന്ന നേട്ടവും മെസി സ്വന്തമാക്കിയിരുന്നു.