ഖത്തർ ലോകകപ്പ് അടുത്തിരിക്കെ ഏറ്റവും ഭയപ്പെടുത്തുന്നതെന്ത്, ലയണൽ മെസി പറയുന്നു
ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ഇനി ഒരു മാസത്തിലധികം സമയം മാത്രം ബാക്കി നിൽക്കെ തന്നെ ഏറ്റവുമധികം ഭയപ്പെടുത്തുന്ന കാര്യമെന്താണെന്നു വെളിപ്പെടുത്തി ടീമിന്റെ നായകനായ ലയണൽ മെസി. ലോകകപ്പിൽ കിരീടം നേടാൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിലൊന്നായി അർജന്റീനയുണ്ടെങ്കിലും അതിനു മുൻപ് ചില താരങ്ങൾക്ക് പരിക്കു പറ്റിയതിനാൽ ലോകകപ്പ് നഷ്ടമാകുമെന്ന ആശങ്കകളുണ്ട്. സമാനമായ രീതിയിൽ തനിക്കോ മറ്റു താരങ്ങൾക്കോ പരിക്കേൽക്കുമോയെന്നാണ് ലയണൽ മെസിയുടെ പ്രധാന പേടി.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ ലയണൽ മെസിയുൾപ്പെടെ മൂന്നു അർജന്റീന താരങ്ങൾക്കാണ് പരിക്കേറ്റത്. മെസി പരിക്കിൽ നിന്നും മുക്തനായെങ്കിലും മറ്റു താരങ്ങളായ ഏഞ്ചൽ ഡി മരിയ, ഡിബാല എന്നിവർ ഇപ്പോഴും പുറത്താണ്. ഡി മരിയ ലോകകപ്പിന് മുൻപ് തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഡിബാലക്ക് ലോകകപ്പ് നഷ്ടമാകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഡയറക്റ്റിവി സ്പോർട്ട്സിനോടു സംസാരിക്കുമ്പോഴാണ് മെസി ലോകകപ്പുമായി ബന്ധപ്പെട്ട ഉത്കണ്ഠകൾ വെളിപ്പെടുത്തിയത്.
“ഇതൊരു വ്യത്യസ്തമായ ലോകകപ്പാണ്. മുൻപത്തെ ലോകകപ്പിൽ നിന്നും വ്യത്യസ്തമായ സമയത്താണ് ഇത് നടക്കുന്നതും. അതിനോട് വളരെയടുത്ത് എത്തിയതിനാൽ തന്നെ ചെറിയ കാര്യങ്ങൾ വരെ പുറത്തു പോകാനുള്ള സാധ്യത സൃഷ്ടിക്കും. നിങ്ങൾ പറഞ്ഞതു പോലെ ഡിബാലക്കും ഡി മരിയക്കും സംഭവിച്ചത് വ്യക്തിപരമായ തലത്തിൽ എനിക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതു വീണ്ടും കാണുമ്പോൾ കൂടുതൽ പേടി തോന്നുന്നുമുണ്ട്.” മെസി പറഞ്ഞു.
Leo Messi confirms his greatest fear ahead of the #2022WorldCuphttps://t.co/PFHitA1XIm
— AS USA (@English_AS) October 14, 2022
“പരിക്കിനെക്കുറിച്ച് ആശങ്കപ്പെട്ടു കളിക്കാനിറങ്ങിയാൽ അതൊരു വിപരീത ഫലമുണ്ടാക്കിയേക്കും. അതിനാൽ എല്ലായ്പ്പോഴുമെന്ന പോലെ സ്വാഭാവികമായി തന്നെ മുന്നോട്ടു പോവുകയാണ് നല്ലത്. കളിക്കുകയാണ് ഫിറ്റ്നസ് നിലനിർത്താൻ ഏറ്റവും നല്ല വഴി. അവർ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. അതിനൊരുപാട് സമയം അവർക്കുണ്ട്.” മെസി കൂട്ടിച്ചേർത്തു.
ലോകകപ്പിനു മുൻപ് ഡി മരിയയും ഡിബാലയും ടീമിൽ തിരിച്ചെത്തുമെന്ന് മെസി പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഡിബാലയുടെ കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അർജന്റീന പ്രതിരോധതാരമായ ക്രിസ്റ്റ്യൻ റൊമേരോ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത് ഡിബാല ലോകകപ്പ് കളിക്കാനുള്ള സാധ്യതയില്ലെന്നാണ്.