“അവൻ മറ്റു താരങ്ങളേക്കാൾ മികച്ചു നിന്നു”- മാൻ ഓഫ് ദി മാച്ച് അർഹിച്ചിരുന്ന കളിക്കാരനെ വെളിപ്പെടുത്തി ലയണൽ മെസി
ക്രൊയേഷ്യക്കെതിരായ സെമി ഫൈനലിലെ മികച്ച പ്രകടനത്തോടെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം ലയണൽ മെസി സ്വന്തമാക്കുകയുണ്ടായി. ടൂർണമെന്റിൽ നാലാം തവണയാണ് മെസി കളിയിലെ താരമാകുന്നത്. മത്സരത്തിന് ശേഷം അർജന്റീന ടീമിലെ മറ്റേതെങ്കിലും താരം മാൻ ഓഫ് ദി മാച്ച് പുരസ്കാരം അർഹിക്കുന്നുണ്ടോയെന്ന ചോദ്യം നേരിട്ട മെസി അതിനു മറുപടി നൽകിയിരുന്നു. രണ്ടു ഗോളുകൾ നേടുകയും ഒരു പെനാൽറ്റിക്ക് വഴിയൊരുക്കുകയും ചെയ്ത ജൂലിയൻ അൽവാരസിന്റെ പേരാണ് മെസി പറഞ്ഞത്.
“ഞങ്ങളുടെ കരുത്ത് ഈ ടീമിന്റെ വർക്ക് റേറ്റാണെന്ന് ഞാൻ എല്ലായിപ്പോഴും പറഞ്ഞിട്ടുണ്ട്. എന്റെ പല സഹകളിക്കാരും മാൻ ഓഫ് ദി മാച്ച് അർഹിക്കുന്നു. എന്നാൽ ഇന്നത്തെ ദിവസം ജൂലിയൻ അവർക്കും മുകളിൽ നിന്നും, മനോഹരമായ കളിയാണ് അവൻ കാഴ്ച വെച്ചത്. വഴികൾ തുറന്നതും അവരോട് പോരാടിയതും അവസരങ്ങൾ ഉണ്ടാക്കിയതുമെല്ലാം അവൻ തന്നെയാണ്. വളരെ പ്രധാനപ്പെട്ട താരമാണവൻ. ലോകകപ്പിലുടനീളം അങ്ങിനെ തന്നെയായിരുന്നു. ഈ മാൻ ഓഫ് ദി മാച്ച് അവൻ അർഹിക്കുന്നു.” മെസി പറഞ്ഞു.
Lionel Messi won the Man of the Match trophy against Croatia.
However, he believes that Man of the Match trophy must have been given to Julian Alvarez. 😍
Goat's humility. 🥰
FOLLOW ME FOR MORE FOOTBALL VIDEOS WITH ENGLISH SUBTITLES!!!! 😉 pic.twitter.com/nQk48OnIsK
— Juani Jimena (@JimenaJuani) December 14, 2022
ആദ്യത്തെ രണ്ടു മത്സരങ്ങളും ഫസ്റ്റ് ഇലവനിൽ ഇടമില്ലാതിരുന്ന താരമായിരുന്നു അൽവാരസ്. എന്നാൽ ലൗടാരോ മാർട്ടിനസിനു പരിക്കേറ്റത് അൽവാരസിനു വഴി തുറന്നു. തുടർന്നുള്ള നാല് മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇടം നേടിയ താരം ഇപ്പോൾ നാല് ഗോളുകൾ നേടി ടോപ് സ്കോറർ പട്ടികയിൽ ലയണൽ മെസി, എംബാപ്പെ എന്നിവർക്ക് മാത്രം പിന്നിലാണ്. അർജന്റീനയുടെ സ്ട്രൈക്കർ സ്ഥാനം സുരക്ഷിതമായ കരങ്ങളിലാണെന്ന് ഇരുപത്തിയൊന്നു വയസുള്ള ജൂലിയൻ അൽവാരസ് ഒരിക്കൽക്കൂടി വ്യക്തമാക്കുന്നു.