മാന്ത്രികസംഖ്യ കുറിച്ച് ലയണൽ മെസി, ഇന്റർ മിയാമിക്കൊപ്പം ചരിത്രനേട്ടം സ്വന്തമാക്കി | Messi
അമേരിക്കൻ ലീഗിൽ അരങ്ങേറ്റം നടത്തിയതു മുതൽ മെസി ആറാടുകയാണ്. ക്രൂസ് അസൂലിനെതിരെ നടന്ന ആദ്യത്തെ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ഫ്രീകിക്കിലൂടെ ഗോൾ നേടി വരവറിയിച്ച ലയണൽ മെസി അതിനു ശേഷം അറ്റ്ലാന്റ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. ഈ സീസണിൽ മോശം ഫോമിലായിരുന്ന ഇന്റർ മിയാമി ലയണൽ മെസി എത്തിയതിനു ശേഷം തുടർച്ചയായി വിജയങ്ങൾ സ്വന്തമാക്കിയെന്നതും എടുത്തു പറയേണ്ട കാര്യമാണ്.
അറ്റ്ലാന്റ യുണൈറ്റഡിനെതിരെ ടീമിന്റെ ആദ്യത്തെ രണ്ടു ഗോളുകളും നേടിയത് ലയണൽ മെസിയായിരുന്നു. ഇതിൽ ആദ്യത്തെ ഗോൾ നേടിയപ്പോൾ തന്നെ ലയണൽ മെസി ഒരു ഐതിഹാസികമായ നേട്ടം സ്വന്തമാക്കി. ക്ലബ് കരിയറിൽ ലയണൽ മെസി ഗോൾ നേടുന്ന നൂറാമത്തെ ടീമായിരുന്നു അറ്റ്ലാന്റ യുണൈറ്റഡ്. പ്രൊഫെഷണൽ ക്ലബ് കരിയറിൽ യൂറോപ്യൻ ക്ലബുകളിൽ ഇതുവരെ കളിച്ച ലയണൽ മെസി അമേരിക്കയിൽ എത്തിയപ്പോഴാണ് ഈ നേട്ടം സ്വന്തമാക്കിയത്.
Lionel Messi has now scored against 100 different league clubs. 🐐 pic.twitter.com/sV2AqEQ2Z7
— Frank Khalid OBE (@FrankKhalidUK) July 26, 2023
പതിനാലാം വയസിൽ തന്നെ ബാഴ്സലോണ സ്വന്തമാക്കിയ ലയണൽ മെസി രണ്ടു സീസൺ മുൻപ് വരെ അവർക്കു വേണ്ടിയാണ് ബൂട്ട് കെട്ടിയത്. സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ബാഴ്സലോണ വിടേണ്ടി വന്ന താരം പിന്നീട് രണ്ടു സീസൺ പിഎസ്ജിയിൽ കളിച്ചു. ക്ലബ് കരിയറിലും ദേശീയ ടീമിനും വേണ്ടി സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ താരമാണ് ലയണൽ മെസി. ഖത്തർ ലോകകപ്പ് നേടി കരിയറിന്റെ പൂർണതയിൽ എത്തിയതിനു പിന്നാലെയാണ് ലയണൽ മെസി അമേരിക്കയിൽ എത്തിയത്.
കരിയറിൽ സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ ലയണൽ മെസിയെത്തേടി കൂടുതൽ നേട്ടങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്നതും ലയണൽ മെസിക്കാണ്. ഇനി താരം യൂറോപ്യൻ ഫുട്ബോളിൽ കളിക്കില്ലെന്ന നിരാശ ആരാധകർക്കുണ്ടെങ്കിലും ഇന്റർ മിയാമിയിലും അർജന്റീനയിലും താരം മികച്ച പ്രകടനം നടത്തുന്നത് ആരാധകർക്ക് സന്തോഷം നൽകുന്നു.
Messi Scored Against 100 Different Clubs In His Career