നെയ്മർക്ക് കോപ്പ അമേരിക്ക വരെ നഷ്ടമാകാൻ സാധ്യത, ബ്രസീലിയൻ താരത്തിന് സന്ദേശവുമായി ലയണൽ മെസി | Neymar
ബ്രസീലിയൻ ആരാധകർക്ക് വലിയ ആശങ്ക നൽകിയാണ് കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ നെയ്മർക്ക് പരിക്കേറ്റത്. യുറുഗ്വായ്ക്കെതിരെ അവരുടെ മൈതാനത്ത് നടന്ന മത്സരം നാൽപത് മിനുട്ട് പിന്നിട്ടപ്പോഴാണ് നെയ്മർക്ക് പരിക്കേറ്റത്. തുടർന്ന് കളിക്കളത്തിൽ വീണ താരത്തെ സ്ട്രെച്ചറിലാണ് കൊണ്ടു പോയത്. അതിൽ നിന്നു തന്നെ താരത്തിന്റെ പരിക്ക് ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ഏവർക്കും മനസ്സിലായിരുന്നു.
പരിക്കേറ്റ നെയ്മറെ പരിശോധന നടത്തിയതിനു ശേഷമുള്ള ഫലങ്ങൾ താരത്തിന്റെ ക്ലബായ അൽ ഹിലാൽ പുറത്തു വിട്ടിട്ടുണ്ട്. താരത്തിന്റെ ഇടതുകാൽമുട്ടിലെ മെനിസ്കസിനും ആന്റീരിയർ ക്രൂഷേറ്റ് ലിഗ്മെന്റിനും പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് ക്ലബ് വ്യക്തമാക്കുന്നത്. ഈ പരിക്കുകൾ ഭേദമാകണമെങ്കിൽ താരത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കേണ്ടി വരുമെന്നും വ്യക്തമാക്കുന്നുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞാൽ താരത്തിന് ഒൻപത് മാസത്തോളം വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Neymar is ruled out for 7-9 months after his ACL injury.
Heartbreaking 💔 pic.twitter.com/uSGyCDhUJk
— Managing Barça (@ManagingBarca) October 18, 2023
ഒൻപത് മാസത്തോളം കളിക്കളത്തിൽ നിന്നും പൂർണമായും വിട്ടു നിൽക്കേണ്ടി വന്നാൽ അത് അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീൽ ടീമിന് തിരിച്ചടി നൽകാനുള്ള സാധ്യതയുണ്ട്. ഒൻപത് മാസം നെയ്മർ കളത്തിനു പുറത്താണെങ്കിൽ താരം തിരിച്ചു വരാൻ അടുത്ത ജൂൺ കഴിയും. അങ്ങിനെയാണെങ്കിൽ അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റിൽ നെയ്മർ പങ്കെടുക്കാനുള്ള സാധ്യതയില്ല. കോപ്പ അമേരിക്കക്ക് ഒരു മാസം മുൻപെങ്കിലും പരിക്ക് ഭേദമായാലേ താരത്തിന് മത്സരപരിചയം വീണ്ടെടുക്കാൻ കഴിയൂ.
Lionel Messi to Neymar on Instagram. pic.twitter.com/XMBZggE4qj
— Roy Nemer (@RoyNemer) October 18, 2023
അതേസമയം പരിക്കേറ്റ നെയ്മർക്ക് അർജന്റീന നായകനായ ലയണൽ മെസി സന്ദേശം അയച്ചിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇട്ട സ്റ്റോറിയിലൂടെയാണ് ലയണൽ മെസി അടുത്ത സുഹൃത്തായ നെയ്മർക്ക് സന്ദേശം നൽകിയത്. നെയ്മറും മെസിയും ഒരുമിച്ചു നിൽക്കുന്ന ചിത്രത്തിനൊപ്പം ‘ഒരുപാട് കരുത്ത് ലഭിക്കട്ടെ’ എന്നാണു ലയണൽ മെസി കുറിച്ചിരിക്കുന്നത്. പരിക്കിന്റെ ബുദ്ധിമുട്ടുകൾ മാറി തന്റെ അടുത്ത സുഹൃത്ത് എത്രയും പെട്ടന്ന് തിരിച്ചു വരാനാണ് ലയണൽ മെസി ആഗ്രഹിക്കുന്നത്.
ബ്രസീലിയൻ ടീമിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട താരമാണ് നെയ്മർ. ലോകകപ്പ് യോഗ്യതയിൽ ബ്രസീലിന്റെ മൂന്നു മത്സരങ്ങളിലും താരം മികച്ച പ്രകടനം നടത്തിയിരുന്നു. അതേസമയം കഴിഞ്ഞ മത്സരത്തിൽ നെയ്മർ പരിക്കേറ്റു പുറത്തു പോയതിനു ശേഷം ബ്രസീലിന്റെ പ്രകടനം കൂടുതൽ മോശമായി മാറുകയാണ് ചെയ്തത്. ബ്രസീലിന്റെ പദ്ധതികൾ നെയ്മറെ കേന്ദ്രീകരിച്ചാണ് എന്നതിനാൽ താരത്തിന്റെ അഭാവം ടീമിന് വലിയ ക്ഷീണം നൽകുമെന്നതിൽ സംശയമില്ല.
Messi Send Message To Injured Neymar