മത്സരത്തിന്റെ ഗതിമാറ്റിയതെന്ത്, ലയണൽ മെസി പറയുന്നു

മെക്‌സിക്കോക്കെതിരെ നടന്ന ലോകകപ്പ് മത്സരം അർജനീനയെ സംബന്ധിച്ച് നിർണായകമായ ഒന്നായിരുന്നെങ്കിലും പ്രതീക്ഷ നൽകുന്ന പ്രകടനം ആദ്യപകുതിയിൽ നടത്താൻ ടീമിന് കഴിഞ്ഞില്ലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ തങ്ങളുടെ ശൈലിയിൽ മാറ്റം വരുത്തിയ അർജന്റീന ആദ്യം മെസിയുടെ ഗോളിലൂടെ മുന്നിലെത്തി. അതിനു ശേഷം എൻസോ ഫെർണാണ്ടസ് കൂടി ഗോൾ നേടിയതോടെ മികച്ച വിജയമാണ് ടീം സ്വന്തമാക്കിയത്.

മത്സരത്തിനു ശേഷം ടീമിന് വിജയം നൽകിയ കാര്യത്തെക്കുറിച്ച് ലയണൽ മെസി സംസാരിക്കുകയുണ്ടായി. പിഴവുകൾ ഉണ്ടാക്കാൻ കഴിയില്ലെന്നും എല്ലാ മത്സരവും കളിക്കണം എന്നും കരുതിയാണ് അർജന്റീന ഇറങ്ങിയതെന്നും അതിനനസരിച്ച് പ്രവർത്തിക്കാൻ വളരെക്കാലമായി ഒരുമിച്ചുള്ള ഞങ്ങൾക്ക് കഴിഞ്ഞുവെന്നും മെസി പറഞ്ഞു.

തങ്ങളുടെ യഥാർത്ഥ കളിയിലേക്ക് തിരിച്ചു പോയത് രണ്ടാം പകുതിയിലാണെന്നാണ് മെസി പറയുന്നത്. ആദ്യപകുതിയിൽ സ്‌പേസുകൾ ലഭിച്ചില്ലെന്നും എന്നാൽ രണ്ടാം പകുതിയിൽ അതിനെ മറികടന്ന് പന്ത് കൂടുതൽ കയ്യിൽ വെക്കാനും ലൈനുകൾക്കിടയിൽ സ്‌പേസ് കണ്ടെത്താനും പന്ത് ഗോൾമുഖത്ത് എത്തിക്കാനും കഴിഞ്ഞുവെന്നും മെസി പറഞ്ഞു.

മത്സരത്തിൽ രണ്ടാമത്തെ ഗോൾ നേടിയ എൻസോ ഫെർണാണ്ടസിനെയും ലയണൽ മെസി പ്രശംസിച്ചു. താരം ഗോൾ നേടിയതിൽ വളരെ സന്തോഷമുണ്ടെന്നും അത് അർഹിക്കുന്ന ഗോൾ തന്നെയാണെന്നും മെസി പറയുന്നു. എൻസോ ഓരോ ദിവസവും പരിശീലനം നടത്തുന്നതു കാണുന്ന തനിക്ക് താരത്തിന്റെ പ്രകടനത്തിൽ അത്ഭുതം തോന്നിയില്ലെന്നും മെസി കൂട്ടിച്ചേർത്തു.