തന്റെ ആരാധനാപാത്രത്തെ കരയിപ്പിച്ച ലയണൽ മെസിയുടെ മിന്നൽ ഗോൾ

ഓരോ ഫുട്ബോൾ താരങ്ങളും ആരാധിച്ച കളിക്കാറുണ്ടാകും. താൻ ചെറുപ്പത്തിൽ ആരാധിച്ച കളിക്കാരനെ കുറിച്ച് ചോദിച്ചാൽ ലയണൽ മെസി പറയുക അർജന്റീനയുടെയും വലൻസിയയുടെയും മുൻ താരമായ പാബ്ലോ അയ്‌മറുടെ പേരാണ്. നിലവിൽ അർജന്റീന ടീമിന്റെ സഹപരിശീലകൻ കൂടിയായ പാബ്ലോ അയ്‌മർ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഇന്നലെ മെക്‌സിക്കോക്കെതിരെ മെസി നേടിയ ഗോളിനോടുള്ള വൈകാരികമായ പ്രതികരണത്തിന്റെ പേരിലാണ്. മത്സരത്തിന്റെ ഗതിമാറ്റിയ ആ ഗോൾ മെസി നേടിയപ്പോൾ സൈഡ് ബെഞ്ചിലിരുന്ന് കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു പാബ്ലോ അയ്‌മർ.

അർജന്റീന സമനിലയിലേക്കോ തോൽവിയിലേക്കോ പോകുമെന്ന് പ്രതീക്ഷിച്ചിരുന്ന മത്സരത്തിന്റെ അറുപത്തിനാലാം മിനുട്ടിലാണ് മെസി ഗോൾ പിറക്കുന്നത്. ബോക്‌സിന്റെ പുറത്തു നിന്നും ഏഞ്ചൽ ഡി മരിയയുടെ പാസ് സ്വീകരിച്ച താരം അതൊന്ന് ഒതുക്കിയതിനു ശേഷം മിന്നലടിയിലൂടെ ഗോളിലേക്ക് തിരിച്ചു വിട്ടപ്പോൾ ഓരോ അർജന്റീന ആരാധകനും വികാരങ്ങൾ അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അതു തന്നെയായിരുന്നു അയ്മറുടെ അവസ്ഥയും. സ്‌കലോണി തന്നോട് പറയുന്നതൊന്നും ശ്രദ്ധിക്കാതെ ആ ഗോൾ നൽകിയ വൈകാരികതയിൽ മുഴുകിയിരിക്കുകയായിരുന്നു താരം.

അക്ഷരാർത്ഥത്തിൽ ദൈവപുത്രൻ അർജന്റീന ടീമിനെയും ആരാധകരെയും കൈപിടിച്ചുയർത്തിയ ഗോൾ തന്നെയായിരുന്നു അത്. ഇതോടെ ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടിയ അർജന്റീന താരമെന്ന മറഡോണയുടെ റെക്കോർഡിന് ഒപ്പമെത്താൻ ലയണൽ മെസിക്കായി. ഇന്നലത്തെ മത്സരത്തിലെ വിജയം പോളണ്ടിനെതിരെ അടുത്ത മത്സരത്തിൽ അർജന്റീനക്ക് കൂടുതൽ ആത്മവിശ്വാസം നൽകുകയും ചെയ്യും. അതിൽ വിജയിച്ചാൽ ഗ്രൂപ്പ് ജേതാക്കളായി തന്നെ അർജന്റീനക്ക് പ്രീ ക്വാർട്ടറിൽ എത്താൻ കഴിയും.

fpm_start( "true" ); /* ]]> */