റൊണാൾഡോക്ക് സംഭവിച്ചത് തനിക്കുണ്ടാവരുത്, ബാഴ്സയിലേക്ക് തിരിച്ചു വരാൻ മെസിയുടെ ആവശ്യമിതാണ്
അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലയണൽ മെസി ബാഴ്സലോണയിലേക്ക് തിരിച്ചു വരുമെന്നുള്ള അഭ്യൂഹങ്ങൾ ഇപ്പോൾ ശക്തമാണ്. പിഎസ്ജിയുമായി രണ്ടു വർഷത്തെ കരാറൊപ്പിട്ട താരത്തിന്റെ കോണ്ട്രാക്റ്റ് ഈ സീസണോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് മെസിയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ബാഴ്സലോണ നടത്തുന്നത്. എന്നാൽ പിഎസ്ജിയുമായി കരാർ പുതുക്കാതെ ഫ്രീ ഏജന്റായി ബാഴ്സലോണയിലേക്ക് തിരിച്ചു വരാൻ മെസിയും ചില ഉപാധികൾ മുന്നോട്ടു വെക്കുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജേർണലിസ്റ്റായ ആൽബർട്ട് മസ്ന്യൂ സ്പോർട്ടിനോട് വെളിപ്പെടുത്തുന്നത് പ്രകാരം ബാഴ്സലോണയിൽ ഒരു രണ്ടാം തരം വേഷമാണ് തനിക്ക് ലഭിക്കുകയെങ്കിൽ ക്ലബ്ബിലേക്ക് തിരിച്ചു വരാൻ ലയണൽ മെസിക്ക് താൽപര്യമില്ല. നിലവിൽ സൂപ്പർതാരങ്ങൾ നിറഞ്ഞ പിഎസ്ജിയിൽ പ്രധാനപ്പെട്ട സ്ഥാനമാണ് മെസിക്കുള്ളത്. ഈ സീസണിൽ മികച്ച പ്രകടനം നടത്താനും താരത്തിന് കഴിയുന്നുണ്ട്. അതുപോലെ പ്രധാനപ്പെട്ടൊരു റോൾ തന്നെ തനിക്ക് ലഭിക്കണമെന്നാണ് മെസിയുടെ ആവശ്യം. മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോക്ക് സംഭവിച്ചത് മെസിയുടെ മുന്നിൽ ഉദാഹരണമായി നിൽക്കുന്നുമുണ്ട്.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി താരങ്ങൾ പുതിയതായെത്തിയ ടീമാണ് ബാഴ്സലോണ. മുന്നേറ്റനിരയിൽ ഒസ്മാനെ ഡെംബലെ, റാഫിന്യ, ലെവൻഡോസ്കി എന്നീ താരങ്ങൾ കളിക്കുകയും ചെയ്യുന്നു. ലയണൽ മെസിയെ തിരിച്ചു കൊണ്ടു വരികയാണെങ്കിൽ ഈ താരങ്ങളിലൊരാളെ ഒഴിവാക്കി മെസിക്കുള്ള ഇടം സാവി നൽകേണ്ടി വരുമെന്നതിൽ സംശയമില്ല. അതിനുള്ള പദ്ധതികളും അദ്ദേഹം തയ്യാറാക്കേണ്ടതുണ്ട്. അവസരങ്ങൾ കുറഞ്ഞ, പകരക്കാരൻ താരമായി ബാഴ്സയിൽ കളിക്കാൻ ലയണൽ മെസിക്കും താൽപര്യമില്ല.
Messi will not return to Barcelona to play a secondary role. The player is the best in the team and the national team, and he overcame his difficult first season with Paris, and he is the striker who creates the most chances in Europe @sport pic.twitter.com/X7AIaRXfqg
— The Barca Index (@BarcaIndex) October 10, 2022
അതേസമയം തന്റെ ഭാവിയെ സംബന്ധിച്ച് ലയണൽ മെസി ഇപ്പോൾ ഒരു തീരുമാനവും എടുക്കാൻ ഉദ്ദേശിച്ചിട്ടില്ല. നിലവിൽ ഖത്തർ ലോകകപ്പിന് ഏറ്റവും മികച്ച രീതിയിൽ എത്തുകയെന്നതിനാണ് ലയണൽ മെസി പരിഗണന നൽകുന്നത്. അർജന്റീനക്കൊപ്പം ലോകകപ്പ് നേടാൻ പൊരുതാൻ തീരുമാനിച്ചിരിക്കുന്ന മെസി ആ ടൂർണമെന്റിന് ശേഷമാകും തന്റെ ഭാവി തീരുമാനിക്കുക. അതേസമയം പുതിയ കരാർ നൽകി താരത്തെ തിരിച്ചെത്തിക്കാൻ പിഎസ്ജി ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ സീസണിൽ അത്ര മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും ഈ സീസണിൽ മെസി മികച്ച ഫോമിൽ കളിക്കുന്നുണ്ട്. നിലവിൽ പരിക്കേറ്റിരിക്കുന്ന താരത്തിനു രണ്ടു മത്സരങ്ങൾ നഷ്ടമാകുമെന്ന് ഉറപ്പായിട്ടുണ്ട്. മെസിയുടെ പരിക്ക് ഗുരുതരമായ ഒന്നല്ലെങ്കിലും ലോകകപ്പിന് ഏറ്റവും നല്ല രീതിയിൽ തയ്യാറെടുക്കാൻ വേണ്ടിയാണ് താരം കൂടുതൽ വിശ്രമം തേടുന്നത്.