“അർജന്റീന വിജയം അർഹിച്ചിരുന്നെങ്കിലും റഫറി ദുരന്തമായിരുന്നു”- കടുത്ത ഭാഷയിൽ പ്രതികരിച്ച് മോഡ്രിച്ച്
ലോകകപ്പ് സെമി ഫൈനലിൽ അർജന്റീനയുടെ ആദ്യഗോളിന് വഴിയൊരുക്കിയ പെനാൽറ്റി നൽകിയ റഫറിക്കെതിരെ രൂക്ഷമായ വിമർശനം നടത്തി ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ച്. അർജന്റീന അർഹിച്ച വിജയമാണ് മത്സരത്തിൽ സ്വന്തമാക്കിയതെങ്കിലും കളിയുടെ ഗതി മാറിയത് ആ പെനാൽറ്റിക്ക് ശേഷമാണെന്നും അത് തെറ്റായ തീരുമാനമായാണ് തനിക്ക് തോന്നിയതെന്നും ലൂക്ക മോഡ്രിച്ച് മത്സരത്തിനു ശേഷം പറഞ്ഞു.
“അർജന്റീനയാണ് മികച്ചു നിന്നത് എന്നതിനാൽ തന്നെ അവർ അർഹിച്ച വിജയം തന്നെയാണ് സ്വന്തമാക്കിയത്. എന്നാൽ ചില കാര്യങ്ങൾ പറയാതെ വയ്യ, ഞാനിത്തരം കാര്യങ്ങൾ പറയാറില്ലെങ്കിലും ഇത്തവണ അത് വേണം. റഫറിമാരെക്കുറിച്ച് ഞാൻ പൊതുവെ പറയാറില്ല, പക്ഷെ ഇയാൾ വളരെ മോശമായിരുന്നു. ഇയാളെക്കുറിച്ച് ഒരു നല്ല ഓർമ പോലും എനിക്കില്ല, ദുരന്തമാണയാൾ. എന്നെ സംബന്ധിച്ച് അതൊരു പെനാൽറ്റിയല്ല.”
🎙 Modrić: "It wasn't a penalty for me. I don't usually talk about referees, but today it's impossible not to do so. He's one of the worst I know. I met him many times and I never had a good memory of him. He's a disaster." pic.twitter.com/T9AcDzqFJS
— E (@EleModric10) December 13, 2022
“അർജന്റീനയെ ഞാൻ വിലകുറക്കുന്നില്ല. പക്ഷെ ആ പെനാൽറ്റി ഞങ്ങളെ പൂർണമായും ഇല്ലാതാക്കി. ഇതിൽ നിന്നും മോചിതരായി മൂന്നാം സ്ഥാനത്തിനുള്ള മത്സരം വിജയിക്കണം. ഫൈനലിൽ എത്തിയ മെസിക്ക് അഭിനന്ദനവും എല്ലാ ഭാഗ്യവും നേരുന്നു. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തുന്ന താരം തന്റെ നിലവാരവും മികവും കാണിച്ചു കൊണ്ടേയിരിക്കുന്നു.” മോഡ്രിച്ച് പറഞ്ഞു.
തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലെന്ന ക്രൊയേഷ്യയുടെ മോഹങ്ങൾ തകർത്താണ് ലയണൽ മെസിയും സംഘവും സെമി ഫൈനലിൽ വിജയം നേടിയത്. ഫ്രാൻസ്-മൊറോക്കോ സെമിയിൽ വിജയിക്കുന്നവരെ അർജന്റീന ഫൈനലിൽ നേരിടും. ഞായറാഴ്ച രാത്രി ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ നടക്കുക.