കളിച്ചത് ഒരൊറ്റ മത്സരം, റെക്കോർഡ് നേട്ടവുമായി ചെൽസി താരം മുഡ്രിക്ക്
ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് യുക്രൈൻ ക്ലബായ ഷാക്തറിൽ നിന്നുമുള്ള മൈഖയിലോ മുഡ്രിക്കിന്റെ ട്രാൻസ്ഫർ. ഇരുപത്തിരണ്ടുകാരനായ താരത്തെ ഏതാണ്ട് നൂറു മില്യൺ യൂറോയോളം നൽകിയാണ് ചെൽസി സ്വന്തമാക്കിയത്. ആഴ്സണൽ താരത്തെ സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിനേക്കാൾ ഉയർന്ന ട്രാൻസ്ഫർ ഫീസും പ്രതിഫലവും നൽകി ചെൽസി യുക്രൈൻ താരത്തെ സ്വന്തം കൂടാരത്തിലേക്ക് എത്തിക്കുകയായിരുന്നു.
ചെൽസിയിൽ എത്തിയതിനു ശേഷം ഒരൊറ്റ മത്സരത്തിൽ മാത്രമാണ് മുഡ്രിക്ക് കളിക്കാനായി ഇറങ്ങിയത്. ലിവർപൂളിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിലാണ് മുഡ്രിക്ക് അരങ്ങേറിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായാണ് താരം ഇറങ്ങിയത്. ചെൽസിക്കൊപ്പം ആദ്യത്തെ മത്സരം കളിച്ചപ്പോൾ തന്നെ പ്രീമിയർ ലീഗിൽ ഈ സീസണിലെ ഒരു റെക്കോർഡ് മറികടന്നിരിക്കുകയാണ് യുക്രൈൻ താരം.
ഒപ്റ്റയുടെ റിപ്പോർട്ടുകൾ പ്രകാരം ഈ സീസണിൽ പ്രീമിയർ ലീഗിലെ ഏറ്റവും വേഗതയേറിയ താരമെന്ന നേട്ടമാണ് യുക്രൈൻ ഫോർവേഡ് സ്വന്തമാക്കിയത്. ലിവർപൂളിനെതിരെ നടന്ന മത്സരത്തിൽ മണിക്കൂറിൽ 33.63 കിലോമീറ്റർ വേഗതയിൽ പന്തുമായി നീങ്ങിയപ്പോഴാണ് ഈ നേട്ടം താരം സ്വന്തമാക്കിയത്. നവംബറിൽ എവർട്ടൺ താരമായ ആന്റണി ഗോർഡൻ സ്വന്തമാക്കിയ റെക്കോർഡാണ് മുഡ്രിക്ക് മറികടന്നത്.
36.63 – Mykhailo Mudryk recorded a top speed of 36.63 km/h against Liverpool, the fastest speed recorded in the Premier League this season.
— OptaJoe (@OptaJoe) January 24, 2023
36.63 – Mykhailo Mudryk
36.61 – Anthony Gordon
36.53 – Darwin Núñez
36.22 – Erling Haaland
36.09 – Denis Zakaria
Flash. pic.twitter.com/xYBBWhPb9T
ഈ സീസണിൽ ഇതാദ്യമായല്ല ഇത്രയും വേഗത മുഡ്രിക്ക് കുറിച്ചത്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലും ഇതേ വേഗതയിൽ താരം നീക്കങ്ങൾ നടത്തിയിരുന്നു. ലിവർപൂളിനെതിരെ നടന്ന മത്സരത്തിൽ വേഗതയുടെ കാര്യത്തിൽ റെക്കോർഡ് സ്വന്തമാക്കുക മാത്രമല്ല, അതിനു പുറമെ പ്രതീക്ഷ നൽകുന്ന പ്രകടനം നടത്താനും താരത്തിനായി. മുഡ്രിക്കിന്റെ വേഗതയും ഡ്രിബ്ലിങ് മികവും പ്രീമിയർ ലീഗിൽ എതിരാളികൾക്ക് തലവേദനയുണ്ടാക്കുമെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടിരുന്നു.