ആരാലും വാഴ്ത്തപ്പെടാതിരുന്ന സൈലന്റ് കില്ലർ, ഒഡിഷക്കെതിരെ മികച്ച പ്രതിരോധതാരമായി നവോച്ച സിങ് | Naocha Singh
ഈ സീസണിനു മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോയിലാണ് മുംബൈ സിറ്റി താരമായ നവോച്ച സിംഗിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്. മുംബൈ സിറ്റി താരമാണെങ്കിലും കഴിഞ്ഞ രണ്ടു സീസണുകളിൽ ഈസ്റ്റ് ബംഗാൾ, റൗണ്ട്ഗ്ലാസ് പഞ്ചാബ് എന്നീ ടീമുകളിൽ ലോണിൽ കളിച്ച താരത്തെ ബ്ലാസ്റ്റേഴ്സും ലോൺ കരാറിലാണ് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ റൗണ്ട്ഗ്ലാസ് പഞ്ചാബിനൊപ്പം ഐ ലീഗ് കിരീടം നേടിയതിന്റെ ആത്മവിശ്വാസവുമായാണ് നവോച്ച സിങ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ മത്സരങ്ങളിലൊന്നും ഇരുപത്തിനാലുകാരനായ മണിപ്പൂർ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ ലെഫ്റ്റ് ബാക്കായ ഐബാൻ പരിക്കേറ്റു പുറത്തു പോയതോടെ താരം ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായി മാറി. നോർത്ത്ഈസ്റ്റ് യുണൈറ്റഡിന് എതിരെ നടന്ന മത്സരത്തിലാണ് നവോച്ച സിങ് ടീമിനായി ആദ്യമായി കളത്തിലിറങ്ങുന്നത്. ആ മത്സരത്തിൽ ഒരു പോസ്റ്റിലടിച്ചു പോയ ഒരു ഗംഭീര സ്ട്രൈക്ക് ഉൾപ്പെടെ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞു.
A rock in our defensive ranks 👊
Presenting the @asianpaints KBFC Best Defender from our game against Odisha FC 💪#KBFCOFC #KBFC #KeralaBlasters pic.twitter.com/OoDl0nC03A
— Kerala Blasters FC (@KeralaBlasters) October 28, 2023
ഒഡിഷ എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സ് വിജയം നേടിയ കഴിഞ്ഞ മത്സരത്തിലും നവോച്ച സിങ് ഗംഭീര പ്രകടനമാണ് ടീമിനായി നടത്തിയത്. താരത്തിന്റെ ഹാൻഡ് ബോളിൽ ഒരു പെനാൽറ്റി വഴങ്ങേണ്ടി വന്നെങ്കിലും ആ പിഴവ് അതിനു ശേഷം പരിഹരിക്കാൻ നവോച്ചക്ക് കഴിഞ്ഞു. അഞ്ചു ഗ്രൗണ്ട് ഡുവൽസിലും ഏഴ് ഏരിയൽ ഡുവൽസിലും വിജയം നേടിയ താരം മൂന്നു ടാക്കിളുകൾ. ഒരു ഇന്റർസെപ്ഷൻ, ഒരു ക്ലിയറൻസ് എന്നിവ നടത്തി പ്രതിരോധത്തെ വളരെയധികം സഹായിച്ചു.
Naocha put on a dazzling performance on his #ISL debut as a Blaster! 💛⚽️#KBFCNEU #KBFC #KeralaBlasters pic.twitter.com/6ARVWXgBPY
— Kerala Blasters FC (@KeralaBlasters) October 23, 2023
മത്സരത്തിന് ശേഷം മറ്റു താരങ്ങളെയെല്ലാം ബ്ലാസ്റ്റേഴ്സ് ആരാധകരും മാധ്യമങ്ങളും വാഴ്ത്തുമ്പോൾ നവോച്ച സിംഗിന്റെ പ്രകടനം വിസ്മരിക്കപ്പെട്ടു പോയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഒഡിഷക്കെതിരെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഡിഫെൻഡറെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പ്രഖ്യാപിച്ചപ്പോൾ അത് നവോച്ച സിങ്ങായിരുന്നു. പിഴവ് വരുത്തിയിട്ടും അതിനെ മറികടക്കുന്ന പ്രകടനം നടത്തിയ താരത്തിന് ഈ ബഹുമതി കൂടുതൽ ആത്മവിശ്വാസം നൽകും.
കേരളത്തിൽ മുൻപ് കളിച്ചു പരിചയമുള്ള താരമാണ് നവോച്ച സിങ്. 2019 മുതൽ 2021 വരെ ഗോകുലം കേരളക്കായി ഇരുപത്തിയൊമ്പത് മത്സരങ്ങൾ കളിച്ച താരം അവർക്കൊപ്പം ഡ്യൂറൻഡ് കപ്പും ഐ ലീഗും സ്വന്തമാക്കിയിട്ടുണ്ട്. അവിടെ നിന്നും മുംബൈ സിറ്റി സ്വന്തമാക്കിയ താരം കഴിഞ്ഞ സീസണിൽ പഞാബിനൊപ്പവും ഐ ലീഗ് സ്വന്തമാക്കി. നിലവിൽ ലോണിലാണ് താരം കളിക്കുന്നതെങ്കിലും താരത്തെ നിലനിർത്തിയാൽ ബ്ലാസ്റ്റേഴ്സിന് അതൊരു മുതൽക്കൂട്ടായിരിക്കും.
Naocha Singh Best Defender Vs Odisha FC