കഴിഞ്ഞ സീസണിലെ മികച്ച താരങ്ങൾ ക്ലബ് വിട്ടപ്പോൾ അതിനേക്കാൾ മികച്ച പകരക്കാരെയെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്
കഴിഞ്ഞ സീസണിൽ എടികെ മോഹൻ ബഗാനെതിരെ നടന്ന ഉദ്ഘാടന മത്സരത്തിൽ തോൽവി വഴങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ഐഎസ്എൽ സീസൺ തുടങ്ങിയത്. എന്നാൽ സീസണിൽ മുന്നോട്ടു പോകുംതോറും മികച്ച തന്ത്രജ്ഞനായ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ കീഴിൽ മികച്ച പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ കുതിപ്പ് ഫൈനൽ വരെയെത്തിച്ചാണ് അവസാനിപ്പിച്ചത്. ഫൈനലിൽ കരുത്തരായ ഹൈദരാബാദ് എഫ്സിക്കെതിരെ മികച്ച പോരാട്ടവീര്യം കാഴ്ച വെച്ചെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടങ്ങാനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകപിന്തുണയുള്ള ക്ലബാണെങ്കിലും ഇതുവരെയും ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിൽ കൈവിട്ട കിരീടം സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായാണ് പുതിയ സീസണിൽ ഇറങ്ങിയിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ കൊച്ചിയുടെ മൈതാനത്ത് ആർത്തിരമ്പുന്ന കാണികൾക്കിടയിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കി സീസണിന് മികച്ച രീതിയിൽ തുടക്കം കുറിക്കാനും അവർക്കായി.
ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളുകൾ നേടിയത് കഴിഞ്ഞ സീസണിലെ സൂപ്പർതാരമായ അഡ്രിയാൻ ലൂണയും ഐഎസ്എല്ലിൽ ആദ്യ മത്സരം കളിക്കുന്ന ഇവാൻ കലിയുഷ്നിയുമായിരുന്നു. ലൂണ ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ ഗോൾ നേടിയപ്പോൾ കലിയുഷ്നി എൺപതാം മിനുട്ടിൽ കളത്തിലിറങ്ങി ആരാധകർക്ക് രോമാഞ്ചം നൽകുന്ന രണ്ടു ഗോളുകളാണ് സ്വന്തം പേരിലാക്കിയത്. കഴിഞ്ഞ സീസണിൽ ടീമിനായി മികച്ച പ്രകടനം നടത്തി, ക്ലബ് വിട്ട താരങ്ങൾക്ക് പകരം വെക്കാൻ കഴിയുന്ന കളിക്കാർ ടീമിലുണ്ടെന്ന പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ വാക്കുകളെ അന്വർത്ഥമാക്കുന്ന പ്രകടനമാണ് പകരക്കാരനായിറങ്ങിയ കലിയുഷ്നി നടത്തിയത്.
We woke up in the morning with the same feeling 🫶🏼😍@ivanvuko19 #KBFCEBFC #ഒന്നായിപോരാടാം #KBFC pic.twitter.com/nLSxL3pPhs
— Kerala Blasters FC (@KeralaBlasters) October 8, 2022
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരങ്ങളായിരുന്നു അർജന്റീനിയനായ യോർഹെ പെരേര ഡയസും സ്പാനിഷ് സ്ട്രൈക്കറായ അൽവാരോ വാസ്ക്വസും. ഈ രണ്ടു താരങ്ങളും ബ്ലാസ്റ്റേഴ്സ് വിട്ട് ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റു ക്ലബുകളിലേക്ക് ചേക്കേറി. ഡയസ് മുംബൈ സിറ്റി എഫ്സിയിലേക്കും വാസ്ക്വസ് എഫ്സി ഗോവയിലേക്കും ചേക്കേറിയപ്പോൾ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ അതു ബാധിക്കുമെന്ന ആശങ്ക ആരാധകർക്ക് ഉണ്ടായിരുന്നു. എന്നാൽ അവരുടെ അസാന്നിധ്യത്തെ മറികടക്കാൻ കഴിയുന്ന താരങ്ങളെയാണ് ടീമിലെത്തിച്ചതെന്ന് ഇന്നലത്തെ മത്സരം തെളിയിച്ചു.
ഓസ്ട്രിയൻ താരമായ അപോസ്തലോസ് ഗിയാനു, ഗ്രീക്ക് താരമായ ദിമിത്രിസ് ഡിയമാന്റക്കൊസ് എന്നിവരാണ് ഇന്നലെ ലെസ്കോവിച്ച്, അഡ്രിയാൻ ലൂണ എന്നിവർക്കൊപ്പം വിദേശതാരങ്ങളായി മത്സരത്തിൽ ഇറങ്ങിയത്. മുന്നേറ്റനിരയിൽ കളിച്ച ഈ രണ്ടു താരങ്ങൾക്കും ഗോളുകൾ നേടാൻ കഴിഞ്ഞില്ലെങ്കിലും ഗോളിന് അടുത്തെത്തുന്ന അവസരങ്ങൾ നിരവധി തവണയുണ്ടായിരുന്നു. ഐഎസ്എല്ലിലെ ആദ്യത്തെ മത്സരം കളിക്കുന്നതിനിടെ പരിചയക്കുറവ് അലട്ടിയ ഈ താരങ്ങൾക്ക് ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Debut so good, he had to bring the moves! 🕺#KBFCEBFC #ഒന്നായിപോരാടാം #KBFC pic.twitter.com/X9G9Z0QQQR
— Kerala Blasters FC (@KeralaBlasters) October 7, 2022
അതേസമയം കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം നടത്തിയ അഡ്രിയാൻ ലൂണയും പകരക്കാരനായിറങ്ങി രണ്ടു ഗോളുകൾ നേടിയ കലിയുഷ്നിയും ഡയസ്, വാസ്ക്വസ് എന്നിവരുടെ അഭാവത്തെ മറക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സഹായിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ നായകൻ ജെസ്സെൽ കാർണീരോ, ഖബ്റ, ലെസ്കോവിച്ച്, ലാൽതാതാങ്ക എന്നിവരും ഗംഭീര സേവുകൾ നടത്തിയ പ്രഭ്സുഖൻ ഗില്ലും ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിന് കരുത്തു പകർന്നു.
ആദ്യ മത്സരത്തിലെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിനിറങ്ങുമ്പോൾ എതിരാളികൾ കരുത്തരായ എടികെ മോഹൻ ബഗാനാണ്. കഴിഞ്ഞ സീസണിലെ ഉദ്ഘാടന മത്സരത്തിൽ അവരോട് തോറ്റതിന്റെ ക്ഷീണം തീർക്കാനുള്ള അവസരമാണ് കൊച്ചിയിൽ വെച്ചു നടക്കാനിരിക്കുന്ന അടുത്ത മത്സരം. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകരുടെ സംഘം അവസാനനിമിഷം വരെ ആരവങ്ങളുമായി കൂടെ നിൽക്കുമ്പോൾ അടുത്ത മത്സരവും സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമെന്നതിൽ സംശയമില്ല.